ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്താൻ അധ്വാനിക്കുന്നവരേറെയാണ്. പലവിധ തൊഴിലുകളുമെടുത്തുള്ള അവരുടെ പ്രയത്നങ്ങൾ മാതൃകകളാണ്. എന്നാൽ ഇഡ്ഡലിത്തട്ടും ഇഡ്ഡലിയും നൽകിയ ഐശ്വര്യത്തിന്റെയും സൗഭാഗ്യത്തിന്റെയും നിറവിലാണ് എറണാകുളത്തെ ഗാന്ധിനഗർ സ്വദേശിനി 60-കാരി സരസ്വതി ആറുമുഖൻ. ഇഡ്ഡലി ഉണ്ടാക്കി വിജയിച്ച ആ കഥ ഇങ്ങനെ..
ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് സരസ്വതിയുടെ ഇഡ്ഡലി സംരംഭം. രാവിലെ തന്നെ ഭീമൻ ഗ്രൈൻഡറുകളിൽ അരിയും ഉഴുന്നും അരയ്‌ക്കുന്നത് തുടങ്ങും. പുലർച്ചെ ഒരു മണിക്ക് ഇഡ്ഡലിത്തട്ട് അടുപ്പത്ത് കയറും. 250 ഇഡ്ഡലി ഉണ്ടാക്കാൻ കഴിയുന്ന തട്ടുകളിലാണ് ഇഡ്ഡലി ആവി കയറ്റിയെടുക്കുന്നത്. പുലർച്ചെ മൂന്ന് മുതൽ വിതരണത്തിനിറങ്ങും. പുലരും മുൻപേ സരസ്വതിയുടെ സ്പെഷ്യൽ ഇഡ്ഡലികൾ ഹോട്ടലുകളിലിടം പിടിക്കും.
ജിവിതം പാതിവഴിയിൽ നിന്നപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഇഡ്ഡലിത്തട്ടിലായിരുന്നു. 50 പൈസ നിരക്കിൽ 25 ഇഡ്ഡലി വിറ്റാണ് സരസ്വതിയും ഭർത്താവ് ആറുമുഖനും കച്ചവട രംഗത്തേക്ക് കടക്കുന്നത്. 90-കളുടെ അവസാനമായിരുന്നു ഈ ദമ്പതികളുടെ ജീവിതം മാറ്റി മറിച്ച സംരംഭത്തിന് തിരി തെളിഞ്ഞത്. പാലരിവട്ടത്തിനുടത്ത് തട്ടുകട ആയിരുന്നു ആദ്യം. ഇതിന് സമീപത്താണ് ഇരുവരും മൂന്ന് പെൺമക്കളുമായി ജീവിച്ചിരുന്നത്.
കുട്ടികൾ വളർന്നപ്പോൾ വാടക വീട്ടിലേക്ക് താമസം മാറിയെന്ന് സരസ്വതി ഓർമിക്കുന്നു. 2000-ത്തിൽ 25 ഇഡ്ഡലി വിൽപന നടത്തിയാണ് കച്ചവടം തുടങ്ങിയത്. ജീവിതം കരകയറി തുടങ്ങുന്നതിനിടെ ആറുമുഖനെ മരണം കവർന്നു. പിന്നീടുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു സരസ്വതിക്ക്. തളരാതെ മക്കൾക്കായി ജീവിതം മുന്നോട്ട് കൊണ്ടുപോയി. സൈക്കിൾ ബാലൻസ് ഇല്ലാതിരുന്നിട്ട് പോലും ടൂ വിലർ ലൈസൻസ് സ്വന്തമാക്കി ഇഡ്ഡലികൾ കടകളിലെത്തിച്ചു. മക്കളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാനും വിവാഹം നടത്താനും തുണയായത് ഇഡ്ഡലിത്തട്ടാണെന്ന് സരസ്വതി പറയുന്നു. വ്യത്യസ്തമായ ഇഡ്ഡലികൾ വിൽക്കുന്ന കട തുടങ്ങണമെന്നതാണ് ഇവരുടെ ആഗ്രഹം.
സരസ്വതിയുടെ ഇഡ്ഡലിയുടെ രുചിപെരുമ നാടാകെ പരന്നു. ഗുണമേന്മ ഓർഡറുകൾ കുമിഞ്ഞു കൂടാൻ കാരണമായി. ഇന്ന് 50-ലേറെ ഹോട്ടലുകളിൽ 5,000-ത്തിലേറെ ഇഡ്ഡലികളാണ് സരസ്വതി വിൽക്കുന്നത്. ഏറ്റവുമൊടുവിലായി 35 ദിവസം നീണ്ട അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് ഈ 60-കാരി. ഒപ്പം ഗൾഫ് നാടുകളും കണ്ടതിന്റെ സന്തോഷത്തിലാണ് സരസ്വതി. ഇതിന് മുൻപ് കശ്മീരിലും സരസ്വതി മക്കൾക്കൊപ്പം യാത്ര നടത്തിയിരുന്നു.