പ്രോട്ടീൻ അടങ്ങിയ ആഹാര ശീലമാക്കണമെന്ന് കേട്ട് തഴമ്പിച്ചവരാകും നമ്മളിൽ ഭൂരിഭാഗവും. തലമുടി മുതൽ പേശികൾ വരെയുള്ളവയുടെ ആരോഗ്യത്തിന് പ്രോട്ടീൻ അനിവാര്യമാണ്. എന്നാൽ ഭക്ഷണക്രമത്തിൽ പാളിച്ചകൾ ചിലപ്പോൾ പ്രോട്ടീൻ അഭാവത്തിലേക്ക് നയിച്ചേക്കാം. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
പ്രോട്ടീൻ വേണ്ടവിധത്തിൽ കിട്ടുന്നില്ലെന്ന് ശരീരം നമ്മെ അറിയിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും നാം അത് വകവയ്‌ക്കാറില്ലെന്നതാണ് വാസ്തവം. ശരീരത്തിൽ പ്രോട്ടീൻ കുറവുണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിതാ..
മധുരത്തോടുള്ള ആസക്തി
പ്രോട്ടീൻ കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. അതുകൊണ്ട് തന്നെ മധുരത്തോടുള്ള ആസ്ക്തിയും വർദ്ധിക്കും. എത്രത്തോളം മധുരം കഴിച്ചാലും മതിയാകാതെ വരുന്നതും സാധാരണമാണ്. ഇത് പ്രോട്ടീൻ കുറവിന്റെ ലക്ഷണമാകും.
ചർമത്തിലെയും മുടിയിലെയും മാറ്റങ്ങൾ
മുടിയുടെയും ചർമത്തിന്റെയും പ്രധാനഘടകമാണ് പ്രോട്ടീൻ. അതിനാൽ തന്നെ പ്രോട്ടീൻ ഡകുറവ് ആദ്യം പ്രകടമാകുന്നത് മുടിയിലും ചർമത്തിലുമാകും. മുടി പൊട്ടിപ്പോകുക, അകാല നര, നിറവ്യത്യാസം എന്നിവ പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണ്.
പേശി, സന്ധിവേദന
സന്ധികളിലുള്ള സിനോവിയൽ ഫ്ലൂയിഡ് പ്രഝാനമായും പ്രോട്ടീൻ നിർമിതമാണ്. ഇതാണ് സന്ധികളിൽ ഈർപ്പം നൽകി വേദന ഇല്ലാതെയിരിക്കാൻ സഹായിക്കുന്നത്. പ്രോട്ടീന്റെ കുറവ് ഫ്ലൂയിഡിന്റെ അഭാവത്തിന് കാരണമാകും.
ഉറക്കക്കുറവും ക്ഷീണവും
ഉറക്കകുറവും ഉറക്കത്തിനിടയിൽ ഉണരുന്നതുമെല്ലാം പ്രോട്ടീൻ കുറവിന്റെ മറ്റു ചില ലക്ഷണങ്ങളാണ്. ക്ഷീണവും ഉത്സാഹക്കുറവും പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണ്.
പ്രോട്ടീൻ കുറവ് പരിഹരിക്കാൻ ആഹാരത്തിൽ അൽപം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രം മതി. മുട്ടയാണ് പ്രധാനമായും പ്രോട്ടീന്റെ ഉറവിടമായി പറയുന്നത്. ഇതിന് പുറമേ ചുവന്ന മാസം, കോഴിയിറച്ചി, മത്സ്യം, കക്കയിറച്ചി, തൈര്, ചീസ് തുടങ്ങിയ പാലുത്പന്നങ്ങൾ, ബീൻസ്, ചെറുപയർ, പരിപ്പ്, സോയാ തുടങ്ങിയ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും.















