തിരുവനന്തപുരം ; വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന . കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുമായി സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്ന ചട്ടം മറികടന്നാണ് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ അന്യരാജ്യങ്ങളുമായുള്ള സഹകരണത്തിന് നിയോഗിച്ചത് . ഈ ഉത്തരവും സർക്കാർ റദ്ദാക്കിയേക്കും. പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദേശഏകോപനത്തിന് സെൽ രൂപീകരിച്ചത്. എന്നാൽ വിദേശകാര്യം, പ്രതിരോധം, അന്താരാഷ്‌ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97വിഷയങ്ങളിൽ കേന്ദ്രത്തിനാണ് അധികാരം. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല.കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ല.
താത്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ വിദേശരാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോ സംസ്ഥാന സർക്കാരിന് ബന്ധം പാടില്ല. സാമ്പത്തിക സഹായം സ്വീകരിക്കാനും വിദേശ മന്ത്രാലയത്തിന്റെ അനുമതിവേണം. എന്നാൽ ഇതൊന്നും പരിഗണിക്കാതെ പ്രത്യേക ഡിവിഷൻ രൂപീകരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ .പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവനും വ്യക്തമാക്കിയിട്ടുണ്ട്.















