മുംബൈ ; ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ചെമ്പൂർ എൻജി ആചാര്യ കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികൾ കോളേജിൽ പോകുന്നത് നിർത്തി . ഹിജാബില്ലാതെ കോളേജിൽ പോകാനാകില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത് .
‘ കുട്ടിക്കാലം മുതൽ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കാറുണ്ട് . അതിനാൽ ഹിജാബ് നീക്കി ക്ലാസിൽ ഇരിക്കാൻ കോളജ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിയില്ല . അതിനാലാണ് കോളജിൽ പോകേണ്ടെന്നു തീരുമാനിച്ചത് ‘ വിദ്യാർത്ഥികൾ പറഞ്ഞു.
പെൺകുട്ടികൾ കോളേജിൽ വരുന്നത് നിർത്തിയെന്നത് സത്യമാണെന്നും എന്നാൽ ഇതിന് തങ്ങളുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമൊന്നും ഉണ്ടായിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ ഡോ.വിദ്യാഗൗരി ലെലെ പറഞ്ഞു.ഹിജാബും ബുർഖയും മാത്രമല്ല, ടീ ഷർട്ട്, കീറിയ ജീൻസ് തുടങ്ങിയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മതത്തിനും എതിരല്ല, വിദ്യാർത്ഥികൾ ഉചിതമായ വസ്ത്രം ധരിച്ച് കോളേജിൽ വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സൽവാർ കുർത്തയും ഔപചാരിക വസ്ത്രവും ധരിച്ച് തങ്ങളുടെ കുട്ടികൾ കോളേജിൽ വരുന്നത് പലരും കണ്ടതാണ് കോളേജിന്റെ ഈ തീരുമാനത്തിൽ രക്ഷിതാക്കളും സന്തോഷിക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.
ഒമ്പത് വിദ്യാര്‍ത്ഥികളാണ് കോളജില്‍ ബുര്‍ഖയും ഹിജാബും നിരോധിച്ച ഉത്തരവ് ചോദ്യം ചെയ്ത് കോടതിയിൽ ഹർജി നൽകിയത് . എന്നാൽ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതം രേഖപ്പെടുത്തി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.















