തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിന്റെ രാമായണ പംക്തിക്കെതിരെ ഹിന്ദു ഐക്യവേദി. രാമായണ സ്വരങ്ങൾ എന്ന പേരിൽ ഡോ. ടി.എസ് ശ്യംകുമാർ എഴുതിയ ഖണ്ഡിശയ്‌ക്കെതിരെ ആണ് പ്രതിഷേധം ശക്തമാകുന്നത്.
പംക്തി ഭഗവാൻ ശ്രീരാമചന്ദ്രനെയും ആദികവി വാത്മീകിയെയും ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛനെയും അധിക്ഷേപിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള ദിനപത്രം രാമായണ പംക്തിയിലൂടെ മതവികാരങ്ങൾ വ്രണപ്പെടുത്തുകയും കലാപത്തിന് അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്.
പംക്തി പിൻവലിച്ച് മാധ്യമം ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണം. മതവികാരം വ്രണപ്പെടുത്തുന്നതും കലാപത്തിന് അവസരം ഒരുക്കുന്നതുമായ പംക്തി പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തിനും എഴുത്തുകാരനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു ആവശ്യപ്പെട്ടു. ജൂലൈ 24ന് മാധ്യമം ദിനപത്രത്തിന്റെ എല്ലാ ബ്യൂറോകളിലേക്കും ഹിന്ദു സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.















