ബെംഗളൂരു: കർണാകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തേടി കോഴിക്കോട് നിന്നെത്തിയ സന്നദ്ധ സേനയോട് തിരികെ പോകാൻ കർണാടക പൊലീസിന്റെ നിർദേശം. അപകട സ്ഥലത്ത് സൈന്യം മാത്രം മതിയെന്നും മറ്റുള്ളവർ അരമണിക്കൂറിനുള്ളിൽ തിരികെ പോകണമെന്നും പൊലീസ് നിർദേശിച്ചു. രഞ്ജിത്ത് ഇസ്രായേൽ ഉൾപ്പെടെയുള്ളവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലുണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ നിരവധി രക്ഷാപ്രവർത്തകർ സ്ഥലത്ത് തുടരുന്നത് അപകടകരമാണെന്നും സൈന്യത്തിന്റെ നിർദേശപ്രകാരം തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
ഡീപ് റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് പരിശോധനകൾ പുരോഗമിക്കുകയാണ്. വെള്ളത്തിൽ രൂപപ്പെട്ട മണ്ണ് മലയിലും പരിശോധന നടത്തുമെന്ന് സൈന്യം അറിയിച്ചിരുന്നു. കരയിലെ മണ്ണ് നീക്കൽ 7-ാം നാളോടെ തീരുമെന്ന് അങ്കോല എംഎൽഎ അറിയിച്ചു. വെള്ളത്തിനടിയിലുള്ള പരിശോധന നാളെ സജീവമാക്കാനാണ് തീരുമാനം.















