തിരുവനന്തപുരം: മസ്തിഷ്‌കമരണം സംഭവിച്ച് ഡാലിയ ടീച്ചർ വിടപറയുമ്പോഴും അവരുടെ ഹൃദയം തുടിച്ചിരുന്നു. തന്റെ വിദ്യാർത്ഥികളെ ഹൃദയം കൊണ്ട് സ്‌നേഹിച്ച ഡാലിയ ടീച്ചറുടെ ഹൃദയം 13കാരിയായ മറ്റൊരു വിദ്യാർത്ഥിക്ക് നൽകിയത് പുതുജീവിതമാണ്.
ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ ആത്മസംതൃപ്തിയിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. കൊല്ലം കരുനാഗപള്ളി സ്വദേശിയായ അദ്ധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12കാരി അനുഷ്‌കയിൽ തുന്നിച്ചേർത്തത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡാലിയയ്‌ക്ക് ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഡാലിയ മരിച്ചത്. ഇവിടെ നിന്ന് മിനിറ്റുകൾക്കുള്ളിൽ ശ്രീചിത്രയിലേക്ക് ഹൃദയം എത്തിക്കുകയായിരുന്നു.
കാർഡിയോ മയോപ്പതി ബാധിച്ച് ചികിത്സയിലായിരുന്ന 12കാരി അനുഷ്‌കയ്‌ക്കാണ് ഡാലിയയുടെ ഹൃദയം പുതുജീവൻ നൽകിയത്. ഡാലിയയുടെ ഹൃദയം ഉൾപ്പെടെ 5 അവയവങ്ങളാണ് മൃതസഞ്ജീവനി പദ്ധതി വഴി ബന്ധുക്കൾ ദാനം ചെയ്തത്.















