ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി സാമ്പത്തിക സർവേ. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 68 ബില്യൺ ഡോളർ വർദ്ധനവ് ഉണ്ടായതായി സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വർദ്ധനവാണിത്.
വിദേശ മൂലധനം പ്രവാഹത്തിനിടയിൽ ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മിയിൽ (current account deficit) ഉണ്ടായ മിതത്വം ഫോറക്സ് കിറ്റിയിയെ സഹായിച്ചതായി സാമ്പത്തിക സർവേയിൽ പറഞ്ഞു. വിദേശനാണ്യ കരുതൽ ശേഖരം ഏകദേശം 10 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തമാണെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ മൊത്തം വിദേശ കടത്തിന്റെ 98 ശതമാനവും ഇതിന് ഉൾക്കൊള്ളാൻ ഇതിന് സാധിക്കും.
കേന്ദ്ര ബാങ്ക് സൂക്ഷിക്കുന്ന വിദേശ കറൻസി ആസ്തിയാണ് വിദേശനാണ്യ കരുതൽ ശേഖരം. ബാങ്ക് നോട്ടുകൾ, നിക്ഷേപം, ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, മറ്റു ഗവൺമെന്റ് സെക്യൂരിറ്റികൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. യുഎസ് ഡോളർ മുതൽ യൂറോ, ജപ്പാനീസ് യെൻ, പൗണ്ട് എന്നീ റിസർവ് കറൻസികളാണ് വിദേശനാണ്യ ശേഖരത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞാൽ വിദേശനാണ്യം ഉപയോഗിച്ചാണ് ഡോളർ-രൂപ വിനിമയനിരക്ക് കുറയ്‌ക്കുന്നത്. 2021 ഒക്ടോബറിലാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്.
ആഗോളതലത്തിലുണ്ടായ നിരവധി സാമ്പത്തിക വെല്ലുവിളികളെ ശക്തമായി നേരിടാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് കഴിഞ്ഞതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ അടിത്തറയിലാണ് ഇന്ത്യ നിലകൊള്ളുന്നത്. വരും സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.