നാമക്കല്ലിൽ നിന്നും ധൻവാഡിലേക്ക് ട്രക്കുമായി പോയപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ വരമാമെന്നായിരുന്നു ശരവണൻ അവരോട് പറഞ്ഞത്. എന്നാൽ വിധി ശരവണന് പ്രതികൂലമായിരുന്നു. കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ തകർത്തെറിഞ്ഞത് രണ്ട് വളയം പിടിക്കുന്ന കൈകളുടെ ജീവിതമാണ്.
കോഴിക്കോട് സ്വദേശി അർജുനെ പോലെ അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ട ശരവണനായുള്ള കാത്തിരിപ്പിലാണ് അമ്മ മോഹന. ധൻവാഡിലേക്കുള്ള യാത്രയിൽ ഷിരൂരിലിറങ്ങിയ ശരവണൻ ചായകുടിക്കാനായി ട്രക്ക് നിർത്തിയിട്ടു. ഭാര്യയെ ഫോൺ വിളിച്ച് സംസാരിക്കുന്നതിനിടെയാണ് മരങ്ങളും വെള്ളവും പാറക്കല്ലുകളും ഷിരൂർ മലയുടെ മുകളിൽ നിന്ന് കുത്തിയൊലിച്ച് വന്നത്. വൈകാതെ ഫോൺകോൾ നിലച്ചു.
പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ലെന്ന് മോഹന വിതുമ്പലോടെ പറഞ്ഞു. 7 ദിവസമായി ശരവണന്റെ അമ്മയും ബന്ധുക്കളും അപകടസ്ഥലത്തുണ്ട്. മകനെ കണ്ടെത്താനായുള്ള 7 ദിവസത്തെ പോരാട്ടത്തിലാണ് മോഹനയും. എത്രയും പെട്ടന്ന് ശരവണനെ കണ്ടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോഹന പറയുന്നു.















