ന്യൂഡൽഹി : അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം 2024-25 സാമ്പത്തിക വർഷത്തിലും ഇന്ത്യ തന്നെ സ്വന്തമാക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. പാർലമെൻ്റിൽ സാമ്പത്തിക സർവേ അവതരിപ്പിച്ചതിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024-25 കാലയളവിൽ ഇന്ത്യ 6.5-7.0 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. IMF, OECD, ലോക ബാങ്ക്, S&P, ADB, ഫിച്ച് , തുടങ്ങിയ ആഗോള സ്ഥാപനങ്ങൾ ഇന്ത്യ 6.6-7.2 ശതമാനം വളർച്ച നേടുമെന്ന് പ്രവചിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം ഏഴ് ശതമാനത്തോളം വളർച്ച കൈവരിക്കുമെന്ന് ഇവിടുത്തെ വളർന്നുവരുന്ന വിപണികളും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും മുൻനിർത്തി അന്താരാഷ്‌ട്ര നാണയനിധി (IMF) നേരത്തെ പ്രവചിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തിന്റെ ജിഡിപി 2023-24 സാമ്പത്തിക വർഷത്തിൽ 8.2 ശതമാനവും 2022-23ൽ 7.2 ശതമാനവും 2021-22ൽ 8.7 ശതമാനവുമാണ് വളർന്നത്. ഇതിനു പുറമെ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2022-23 ലെ 2 ലക്ഷം രൂപയിൽ നിന്ന് 2046-47 ൽ 14.9 ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞു.
ഇന്ത്യക്കാരുടെ ഗാർഹിക സമ്പത്തിൽ വലിയ വർദ്ധനവാണ് 2023-24 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. 2020-21 കാലയളവിൽ 8 ശതമാനം വളർച്ച നേടിയതിൽ നിന്ന് 12.9 ശതമാനമായി ഉയർന്നതായും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.