ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിലെ പ്രതിയായ ബിആർഎസ് നേതാവ് കവിതയ്‌ക്കെതിരെ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി പരിഗണിച്ചു. ഡൽഹി റോസ് അവന്യു കോടതിയാണ് അനുബന്ധ കുറ്റപത്രം പരിഗണിച്ചത്. ജൂലൈ 26ന് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസ് വഴി കവിതയെ ഹാജരാക്കാനും കോടതി നിർദേശം നൽകി.
റോസ് അവന്യു സ്‌പെഷ്യൽ ജഡ്ജി കാവേരി ബവേജയാണ് അനുബന്ധ കുറ്റപത്രം പരിഗണിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പ് കവിത ഉൾപ്പെടെയുള്ളവരുടെ അഭിഭാഷകർക്ക് കൈമാറാനും കോടതി നിർദേശിച്ചു. ജൂലൈ 6നാണ് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കവിതയ്‌ക്കെതിരെ സമർപ്പിക്കുന്ന മൂന്നാമത്തെ കുറ്റപത്രമാണിത്.
മദ്യനയ കുംഭകോണ കേസിലെ കളളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് ഇഡി കവിതയെ അറസ്റ്റചെയ്തത്. മുഖ്യപ്രതികളായ അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും കവിത 100 കോടി രൂപ നൽകിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കവിത ആംആദ്മി പാർട്ടിയിലെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭിഭാഷകൻ ഡി പി സിംഗ് കോടതിയിൽ വാദിച്ചു. കവിതയ്‌ക്കെതിരായുള്ള ടിഡിപി എംപി മഗുന്ത എസ് റെഡ്ഡിയുടെ മകൻ രാഗവ് മഗുന്ത ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനകളും അദ്ദേഹം കോടതിയ്‌ക്ക് മുമ്പാകെ നിരത്തിയിരുന്നു.
അതേസമയം, കേസിലെ മുഖ്യപ്രതികളായ അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 26 വരെ നീട്ടിയിട്ടുണ്ട്.