ബെംഗളൂരു: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങില്ലെന്ന് സൈന്യം. കരയിൽ നിന്ന് 40 മീറ്റർ മാറി ഗംഗാവലി പുഴയിൽ സംശയകരമായ സിഗ്നൽ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി പുഴയിൽ ഇറങ്ങി പരിശോധന നടത്തും.
അർജുനായുള്ള തെരച്ചിൽ ഒരാഴ്ചയായി നടന്ന് വരികയാണ്. ലോറി പുഴയിലേക്ക് പതിച്ച് ചളിയിൽ പുതഞ്ഞിരിക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനം. എന്നാൽ പ്രതികൂല കാലാവസ്ഥയും കനത്ത ഒഴുക്കും വെല്ലുവിളിയുയർത്തുകയാണെന്നും നാവികസേന പറഞ്ഞു.
വെള്ളത്തിലും ലോഹഭാഗങ്ങളുടെ സിഗ്നൽ നൽകുന്ന ഡീപ് സെർച്ച് മൈൻ ഡിറ്റക്ടറും ഫെറക്‌സ് ലൊക്കേറ്ററും ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. റോഡിൽ അടിഞ്ഞുകൂടിയ മണ്ണിൽ ലോറിയില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന വെള്ളത്തിനടിയിലേക്കും നീട്ടുന്നത്.