നടിയും അവതാരികയുമായ രഞ്ജിനി ഹരിദാസ് 14 ദിവസത്തോളം വെള്ളം മാത്രം കുടിച്ച് ഉപവസിച്ച വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറയുന്നത്. രണ്ടാഴ്ചയോളം ആഹാരം കഴിക്കാതിരുന്നാൽ ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും താരം വീഡിയോയിൽ പറഞ്ഞിരുന്നു. രഞ്ജിനി ഹരിദാസ് പറഞ്ഞ ‘വാട്ടർ ഫാസ്റ്റിംഗ്’ ശരീരത്തിന് നല്ലതാണോ ആർക്കൊക്കെയാണ് ഈ ഡയറ്റ് എടുക്കാവുന്നതെന്നും നോക്കാം.
വിവിധ രീതിയിലെ ഡയറ്റ് പ്ലാനുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അധികം ആരും സ്വീകരിക്കാതെ ഡയറ്റാണ് വാട്ടർ ഫാസ്റ്റിംഗ്. സാധാരണ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന വാട്ടർ ഫാസ്റ്റിംഗ് രീതിയാണ് നല്ലത്. ശരീരത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് കൂടുതൽ ദിവസം വേണമെങ്കിൽ വാട്ടർ ഫാസ്റ്റിംഗ് എടുക്കാം. ആരോഗ്യ വിദഗ്ദരുമായി അലോചിച്ച് വേണം കൂടുതൽ ദിവസം വാട്ടർ ഫാസ്റ്റിംഗ് എടുക്കാൻ.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വാട്ടർ ഫാസ്റ്റിംഗ് എടുക്കാതിരിക്കുന്നതാണ് നല്ലത്. കൂടാതെ ശാരീരികാധ്വാനം വേണ്ടി വരുന്ന ജോലികൾ ഒഴിവാക്കുക. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളൊന്നുമില്ലാത്ത ഈ ഫാസ്റ്റിംഗ് സുരക്ഷിതമല്ലെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളം മാത്രം കുടിച്ചുള്ള ഉപവാസം അവസാനിപ്പിച്ച ഉടൻ ചെറിയ അളവിലെ ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ. സാധാരണ ഭക്ഷണ രീതിയിലേക്ക് സാവാധാനം എത്തിയില്ലെങ്കിൽ ഗുണത്തെക്കാൾ ദോഷമാണ് ശരീരത്തിൽ ഉണ്ടാകുന്നത്.
ആദ്യമായിട്ട് വാട്ടർ ഫാസ്റ്റിംഗ് ചെയ്യുന്നവർ ഒരു ദിവസമോ ചെറിയൊരു കാലയളവോ മാത്രം ഉപവസിക്കുക. ആരോഗ്യ പ്രശ്നം ഒന്നും അനുഭവപ്പെട്ടില്ലെങ്കിൽ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം ദീർഘനാൾ വാട്ടർ ഫാസ്റ്റിംഗ് എടുക്കുക.















