ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗോകർണയിൽ നിന്നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിലിനെ തുടർന്ന് പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ കാണാതായ സ്ത്രീകളിൽ ഒരാളാണ് സന്ന ഹനുമന്തപ്പ.
മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനായുള്ള തിരച്ചിൽ ഇന്നും പുരോഗമിക്കുകയാണ്. പുഴ കേന്ദ്രീകരിച്ചാകും സൈന്യത്തിന്റെ നേതൃത്വത്തിൽ ഇന്നത്തെ രക്ഷാദൗത്യം. ഇന്നലെ പുഴയ്‌ക്ക് അടിയിൽ നിന്ന് പുതിയ സിഗ്‌നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി.
ഗംഗാവലി നദിക്കടിയിൽ നിന്ന് കിട്ടിയ സിഗ്‌നൽ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. നാവികസേനയുടെ നേതൃത്വത്തിൽ സ്‌കൂബ ഡൈവിംഗ് സംഘം സിഗ്നൽ കിട്ടിയ ഭാഗത്ത് തിരച്ചിൽ നടത്തുന്നുണ്ട്. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാകും ഇന്ന് പരിശോധന നടത്തുന്നത്.