കാർവാർ ; ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദഗ്ധർ . ഷിരൂരിൽ മണ്ണ് പരിശോധന നടത്തിയ ശേഷമാണ് സംഘം വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയത് . ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇതുവഴിയുള്ള വാഹനഗതാഗതം ജില്ലാ ഭരണകൂടം നിരോധിച്ചു. കാണാതായ മൂന്നുപേരെ കണ്ടെത്താൻ ഐഎസ്ആർഒയുടെ സഹായത്തോടെ കൂടുതൽ തിരച്ചിൽ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. വാഹനഗതാഗതം തൽക്കാലം അനുവദിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അഞ്ച് ദിവസത്തിനകം വിദഗ്ധ സംഘം വീണ്ടും റിപ്പോർട്ട് നൽകും. വിദഗ്‌ദ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ തീരുമാനമെടുക്കുകയെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
ദേശീയപാതയുടെ ഇരുവശവും മണ്ണ് നീക്കി. ഇതിനകം 70 ശതമാനം മണ്ണുനീക്കലും പൂർത്തിയായി. പക്ഷേ, 99 ശതമാനവും ആ ഭാഗത്ത് വണ്ടി ഉണ്ടാകില്ല. നേവിയുടെ മുങ്ങൽ വിദഗ്ധർ വന്ന് ഇറങ്ങി പരിശോധിക്കുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.