കാനഡ: കാനഡയിലെ എഡ്മണ്ഡിൽ ഹിന്ദു ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കി. ഇന്ന് പുലർച്ചെയാണ് സംഭവം. ബിഎപിഎസ് സ്വാമി നാരായണ ക്ഷേത്രത്തിന്റെ ഭാഗങ്ങളാണ് മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് വികലമാക്കിയിരിക്കുന്നത്. ഖാലിസ്ഥാൻ ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യയ്‌ക്കെതിരെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും അധിക്ഷേപ പരാമർശങ്ങളും, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ചുവരുകളിലുള്ളതായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പറഞ്ഞു.
ഇതിന്റെ ദൃശ്യങ്ങളും ഇവർ സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾക്കെതിരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും, കുറ്റക്കാർക്കെതിരെ ഭരണകൂടം കർശന നടപടി സ്വീകരിക്കാത്തതാണ് ഇത്തരം ആക്രമണങ്ങൾ തുടരാൻ കുറ്റക്കാരെ പ്രേരിപ്പിക്കുന്നതെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആരോപിച്ചു.
കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾ ഓരോ ദിവസവും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എംപി ചന്ദ്ര ആര്യയും പറഞ്ഞു. ”എഡ്മണ്ഡിൽ ബിഎപിഎസ് സ്വാമി നാരായണ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രേറ്റർ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ ഉൾപ്പെടെ കാനഡയിലെ പല സ്ഥലങ്ങളിലും ഹിന്ദു ക്ഷേത്രങ്ങൾ ഇത്തരത്തിൽ ഗ്രാഫിറ്റികൾ ഉപയോഗിച്ച് നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
എല്ലായ്‌പ്പോഴും പറയുന്നത് ഖാലിസ്ഥാനി തീവ്രവാദികൾ ഇക്കുറിയും അക്രമത്തിന്റെ പാത സ്വീകരിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോവുകയാണ്. ഹിന്ദുക്കളായ കനേഡിയൻ പൗരന്മാർക്ക് ഇതിൽ ആശങ്കയുണ്ട്. ഇത് ശാരീരികമായ ആക്രമണങ്ങളിലേക്ക് കടക്കുന്ന ഘട്ടമെത്തുന്നതിന് മുൻപ് തന്നെ ഭരണകൂടം വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും” ചന്ദ്ര ആര്യ പറയുന്നു















