ന്യൂഡൽഹി: മുദ്രാ ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി. 2024-25 ലെ കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. മുൻപ് തരുൺ വിഭാഗത്തിൽ വായ്പ എടുത്ത് തിരിച്ചടച്ചവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംരംഭകത്വ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുമായി 2015-ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന അഥവാ പിഎംഎംവൈ. തൊഴിലില്ലാത്ത യുവാക്കളെയും അവരുടെ ബിസിനസ്സ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സംരംഭകരെയും ശാക്തീകരിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം.
ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. ശിശുവിൽ 50,000 രൂപ വരെയും കിഷോറിൽ 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയും തരുൺ പ്രകാരം 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ വായ്പയുമാണ് മുൻപ് നൽകിയിരുന്നത്.















