തൃശൂർ: വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടിത്തം. വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളം കലർന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവച്ച കാനുകൾക്കാണ് തീപിടിച്ചത്.
കാൻ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകി. പമ്പിന് പുറത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പുറത്തേക്ക് ഒഴുകിയ മലിന ജലത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. പമ്പ് ജീവനക്കാർ ടാങ്കുകളിൽ നിന്നുള്ള വാൽവുകൾ ഓഫ് ചെയ്ത് തീ അണയ്‌ക്കാനുള്ള ശ്രമം നടത്തിയത് വലിയ അപകടം ഒഴിവാക്കി.
ഉടനെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഇവരും നാട്ടുകാരും ചേർന്ന് ഏറെ നേരം നടത്തിയ പരിശ്രമത്തിലുടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെ തുടർന്ന് വടക്കാഞ്ചേരി- ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.