ന്യൂഡൽഹി: പ്രളയത്താലും മറ്റ് പ്രകൃതിക്ഷോഭത്താലും ദുരിതമനുഭവിക്കുന്ന ബിഹാർ, ഹിമാചൽ പ്രദേശ്, അസം, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്‌ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.
നേപ്പാളിൽ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ നിർമിക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും നിരന്തരമായി പ്രളയദുരിതം അനുഭവിക്കുന്ന ഇത് ആശ്വാസകരമാകുമെന്നും അവർ പറഞ്ഞു. ജലസേനച ഗുണഭോക്തൃ പദ്ധതി പ്രകാരം ബിഹാറിന് 11,500 കോടി നൽകും. ഇത് കോസി-മെച്ചി ഇൻട്രാ-സ്റ്റേറ്റ് ലിങ്ക് ഉൾപ്പെടെയുള്ള 20ഓളം പദ്ധതികൾക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തും.
വെള്ളപ്പൊക്കത്താൽ പൊറുതിമുട്ടുന്ന മറ്റൊരു സംസ്ഥാനമായ അസമിനും ധനസഹായം നൽകും. ഉത്ഭവം ഇന്ത്യൻ അതിർത്തിക്ക് പുറത്താണെങ്കിലും ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകുമ്പോൾ അസമിൽ പ്രളയസമാനമായ സാഹചര്യമുണ്ടാകുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രളയം, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ കാരണം വ്യാപക നാശനഷ്‌ടമുണ്ടായ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെ പുനർനിർമ്മാണത്തിനും ദുരിതബാധിതരുടെ പുനരധിവാസത്തിനും സഹായം നൽകുമെന്നും നിർമലാ സീതാരാമൻ അറിയിച്ചു.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റും തുടർച്ചയായ ഏഴാമത്തെ ബജറ്റുമാണ് പാർലമെൻ്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. ജൂലൈ 22ന് ആരംഭിച്ച ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12നാണ് അവസാനിക്കുക.















