ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഭാരതമെന്ന സ്വപ്നമാണ് 2024-25 ലെ കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചയെ അടിസ്ഥാനമാക്കിയുള്ള ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. പ്രതിപക്ഷം ബജറ്റിനെ എതിർക്കുകയാണെങ്കിൽ അതിൽ നിന്നും മനസ്സിലാക്കേണ്ടത് ഇത് വളരെ മികച്ച ബജറ്റാണെന്നാണ്. ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നിരവധി സഹായങ്ങളാണ് പ്രഖ്യാപിച്ചതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
സ്ത്രീകളെ പിന്തുണയ്‌ക്കുന്ന നിരവധി പദ്ധതികളും ബജറ്റിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത്തരക്കാർക്കുള്ള നികുതി ഇളവും ബജറ്റിൽ കാണാവുന്നതാണ്. ബിഹാറിലെ വെള്ളപ്പൊക്കം രാജ്യത്തിന്റെ പ്രശ്നമാണ് അതിനാലാണ് പ്രത്യേക സഹായം നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക സഹായം നൽകുന്നതിന് പ്രതിപക്ഷം പ്രശ്നം ഉണ്ടാക്കുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു.
സ്ത്രീകൾ, കർഷകർ,യുവജനങ്ങൾ എന്നിവർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷി, തൊഴിൽ, വൈദഗ്ധ്യം, മെച്ചപ്പെട്ട മാനവവിഭവശേഷി, സാമൂഹികനീതി, ഉൽപ്പാദനം, സേവനങ്ങൾ, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, നവീകരണം തുടങ്ങി ഒൻപത് മേഖലകൾ കേന്ദ്രീകരിച്ചാണ് വികസനം നടപ്പാക്കുന്നത്. 2024-25 സാമ്പത്തിക വർഷം വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ മാറ്റി വെച്ചത്.