കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് വ്യക്തമാക്കി അർജുന്റെ കുടുംബം. 8 ദിവസം അർജുനായി തെരച്ചിൽ നടത്തിയ നാവികസേനയ്‌ക്കും, അഗ്നിശമന സേനയ്‌ക്കും, സൈന്യത്തിനും മറ്റ് സന്നദ്ധസേനകൾക്കും നന്ദി അറിയിക്കുന്നുവെന്നും അർജുന്റെ കുടുംബം അറിയിച്ചു.
” ആശ്വാസ വാർത്ത ഇതുവരെയും തേടിയെത്തിയിട്ടില്ലെങ്കിലും നാവികസേനയ്‌ക്കും സൈന്യത്തിനും സാധിക്കുന്ന വിധത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അർജുനെ കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരണം. പുഴയിൽ തെരച്ചിൽ നടത്തുന്നതിനായി ബോറിങ് പോലുള്ള ഉപകരണങ്ങൾ എത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. അത്തരം ഉപകരണങ്ങൾ വച്ചുള്ള തെരച്ചിലിൽ കൂടി പ്രതീക്ഷ അർപ്പിക്കുന്നു.”- അർജുന്റെ സഹോദരി പറഞ്ഞു.
അതേസമയം ഗംഗാവലി പുഴയുടെ നീരൊഴുക്ക് കൂടിയതോടെ അർജുനായുള്ള തെരച്ചിൽ താത്കാലികമായി നിർത്തിവച്ചു. വരും ദിവസങ്ങളിൽ ബോറിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരച്ചിലായിരിക്കും നടത്തുകയെന്ന് അധികൃതർ അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അർജുനായുള്ള പുഴയിലെ തെരച്ചിൽ നടത്തുന്നത്.















