ഭോപ്പാൽ: ചോക്ലേറ്റിനുള്ളിൽ നിന്നും അദ്ധ്യാപികയ്‌ക്ക് ലഭിച്ചത് വയ്പ്പ് പല്ലുകൾ. ഖാർഗോൺ സ്വദേശിനിയായ റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പൽ മായാദേവി ഗുപതയ്‌ക്കാണ് ചോക്ലേറ്റ് കഴിക്കവേ അതിനുള്ളിൽ നിന്നും 4 വെപ്പുപല്ലുകൾ കിട്ടിയത്. വിദ്യാർത്ഥിയുടെ ബർത്ത്ഡേ പാർട്ടിയിൽ ലഭിച്ച ചോക്ലേറ്റിനുള്ളിൽ നിന്നാണ് വെപ്പുപല്ലുകൾ ലഭിച്ചത്.
പ്രശസ്ത കമ്പനിയുടെ കോഫി ഫ്ലേവർ ചോക്ലേറ്റാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത അദ്ധ്യാപികയ്‌ക്ക് ലഭിച്ചത്. വായിൽ കല്ലുപോലെ എന്തോ തടയുന്നതായി തോന്നിയ അദ്ധ്യാപിക ചോക്ലേറ്റ് പരിശോധിച്ചപ്പോൾ ഇതിനുള്ളിൽ നിന്നും 4 വെപ്പുപല്ലുകൾ കണ്ടെത്തി.
സംഭവത്തിൽ ഖാർഗോണിലെ ജില്ലാ ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപിക പരാതി നൽകി. തുടർന്ന് ഉദ്യോഗസ്ഥർ ചോക്ലേറ്റ് വാങ്ങിയ കടയിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധനകൾക്കായി ലബോറട്ടറിയിലേക്ക് അയക്കുമെന്നും ഫലം ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥനായ എച്ച്എൽ അവാസിയ പറഞ്ഞു.















