ഷിരൂർ: അങ്കോല ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ തീരുമാനം. ദൗത്യസംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. പാലക്കാട് സ്വദേശിയായ റിട്ട. ജനറൽ എം ഇന്ദ്രബാലനും രക്ഷാപ്രവർത്തനത്തിനായി ഷിരൂരിലെത്തുമെന്ന് ദൗത്യസംഘം അറിയിച്ചു.
ജി. ആർ ടെക്‌നോളജി ഉപയോഗിച്ച് ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. നാളെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുമെന്ന് ആർമിയിലെ മേജർ ജനറലായിരുന്ന എം. ഇന്ദ്രബാലൻ പറഞ്ഞു.
വെള്ളത്തിലും കരയിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് പക്കലുള്ളത്. 20 മീറ്റർ മുതൽ 30 മീറ്റർ വരെ ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ഒബ്ജക്റ്റ് ഡിറ്റക്ഷൻ സിറ്റം ഉപയോഗിച്ച് പരിശോധന നടത്തുമെന്നും ഇന്ദ്രബാലൻ പറഞ്ഞു. അർജുനെ കണ്ടെത്തുന്നതിനായി പരാമവധി സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തനം 9-ാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവന്ന് തെരച്ചിൽ നടത്താനുള്ള ഒരുക്കത്തിലാണ് കർണാടക സർക്കാർ. 60 അടി താഴ്ചയിൽ പരിശോധിക്കാൻ സാധിക്കുന്ന യന്ത്രങ്ങൾ കൊണ്ട് വന്ന് തെരച്ചിൽ നടത്തുമെന്ന് കാൻവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. ഗോകകിൽ നിന്നാണ് യന്ത്രം കൊണ്ടുവരുന്നത്. യന്ത്രം ഇന്ന് രാത്രി തന്നെ ഷിരൂരിലെത്തിക്കുമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.















