ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2024 -25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അനുവദിച്ചത് 90,958.63 കോടി രൂപ . ഇത് കഴിഞ്ഞ 2023-24 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 80,517.62 കോടിയെക്കാളും 12.96 ശതമാനം അധികമാണ്.
ആരോഗ്യ മന്ത്രാലയത്തിന് അനുവദിച്ച 90,958.63 കോടിയിൽ 87,656.90 കോടി ആരോഗ്യ കുടുംബക്ഷേമ വകുപ്പിനും 3,301.73 കോടി ഗവേഷണ പ്രവർത്തനങ്ങൾക്കുമാണ് . കാൻസർ ചികിത്സയ്‌ക്കുള്ള മരുന്നുകളായ ട്രാസ്റ്റുസുമാബ് ഡെറക്‌സ്റ്റെകാൻ, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നിവയ്‌ക്ക് കസ്റ്റംസ് തീരുവ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ആയുഷ് മന്ത്രാലയത്തിനായുള്ള ബജറ്റ് വിഹിതം 2023-24 ലെ 3,000 കോടി രൂപയിൽ നിന്ന് 3,712.49 കോടി രൂപയായും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 77,624.79 കോടി രൂപയിൽ നിന്ന് 87,656.90 കോടി രൂപയായും, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ബജറ്റ് വിഹിതം 31,550.87 കോടി രൂപയിൽ നിന്ന് 36,000 കോടി രൂപയായും, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY) ബജറ്റ് വിഹിതം 6,800 കോടി രൂപയിൽ നിന്ന് 7,300 കോടി രൂപയായും ഉയർത്തി.
ഇതിനു പുറമെ നാഷണൽ ടെലി മെൻ്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ബജറ്റ് വിഹിതം 65 കോടി രൂപയിൽ നിന്ന് 90 കോടി രൂപയായും, സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം 17,250.90 കോടി രൂപയിൽ നിന്ന് 18,013.62 കോടി രൂപയായും, ന്യൂഡൽഹിയിലെ എയിംസിനുള്ള വിഹിതം 4,278 കോടി രൂപയിൽ നിന്ന് 4,523 കോടി രൂപയായും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനുള്ള ബജറ്റ് വിഹിതം 2295.12 കോടിയിൽ നിന്ന് 2,732.13 കോടി രൂപയായും ഉയർത്തി. 200 കോടി രൂപയാണ് ഡിജിറ്റൽ ആരോഗ്യ ദൗത്യത്തിനുള്ള ബജറ്റ് വിഹിതം.