തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് കോർപ്പറേഷൻ. തോടിന്റെ തമ്പാനൂർ ഭാഗത്തിന്റെ ചുമതലയുള്ള സെക്രട്ടേറിയേറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കെ ഗണേഷ് കുമാറിനെയാണ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യ രാജേന്ദ്രൻ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപ്പറേഷന്റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ആമയിഴഞ്ചാൻ തോട്ടിലെ അഴുക്കുചാലിൽ അകപ്പെട്ട് മരണപ്പെട്ട ജോയി മരിച്ചിട്ട് ഒരാഴ്ച കഴിയുമ്പോഴാണ് സ്വന്തം ഉദ്യോഗസ്ഥരുടെ വീഴ്ച മേയർ തിരിച്ചറിയുന്നത്.
ജോയിയുടെ മരണം വൻ വിവാദമായതോടെ ആദ്യം മുതൽ മേയറും സർക്കാരും റെയിൽവെയെ ആയിരുന്നു കുറ്റപ്പെടുത്തിയിരുന്നത്. ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ എന്നിവിടങ്ങളിലെ ചുമതല ഹെൽത്ത് ഇൻസ്പെക്ടർ കെ ഗണേഷ് കുമാറിനായിരുന്നു. ഗണേഷ് കൃത്യമായി ജോലി ചെയ്തിരുന്നെങ്കിൽ ഇത്രയധികം മാലിന്യം അടിഞ്ഞു കൂടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.