വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ജോ ബൈഡന് കൊറോണ നെഗറ്റീവ് ആയതിന് പിന്നാലെ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തി. ജൂലൈ 18-ന് കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ബൈഡൻ ഡെലവെയറിലെ വസതിയൽ ഐസൊലേഷനിൽ ആയിരുന്നു.
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയെന്ന പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ബൈഡൻ വൈറ്റ് ഹൗസിലെത്തുന്നത്. ഇത് സംബന്ധിച്ച് ഇന്ന് രാത്രിയോടെ ഓവൽ ഓഫീസിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം.. സർജിക്കൽ മാസ്ക് ധരിച്ച് ആരോടും സംസാരിക്കാതെയാണ് ബൈഡൻ ചൊവ്വാഴ്ച വൈറ്റ് ഹൗസിലെത്തിയത്.
പ്രസിഡന്റ് തന്റെ എല്ലാ ചുമതലകളും മുമ്പത്തെ പോലെ നിർവ്വഹിക്കും. അദ്ദേഹത്തിന് കൊറോണ നെഗറ്റീവാണെന്നും ശരീരം പ്രകടിപ്പിച്ച രോഗ ലക്ഷണങ്ങളിൽ നിന്നും മുക്തി നേടിയിട്ടുണ്ടെന്നും വൈറ്റ് ഹൗസിലെ ഡോക്ടർ പറഞ്ഞു. വ്യാഴാഴ്ച അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾ കടുത്തതിന് പിന്നാലെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബൈഡൻ പിന്മാറിയത്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേര് ഈ സ്ഥാനത്തേക്ക് ബൈഡൻ നിർദേശിക്കുകയും ചെയ്തിരുന്നു. യു എസ് പാർലമെന്റായ കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളും സംസ്ഥാന ഗവർണർമാരും 59 കാരിയായ കമലയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.















