ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പ്രസംസിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉദയ് കൊട്ടക്. നന്നായി ചിന്തിച്ച് സമർത്ഥമായി തയ്യാറാക്കിയ ബജറ്റാണിത്. സാമ്പത്തിക അച്ചടക്കം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) എന്നിവയ്‌ക്ക് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ നൽകിയ പ്രത്യേക പരിഗണന അഭിനന്ദനാർഹമാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
സാമ്പത്തിക അച്ചടക്കം പാലിച്ചു മൂലധന നേട്ട നികുതി ലളിതമാക്കിയത് പ്രശംസാർഹമാണ്. ഊഹക്കച്ചവടം നിരൂത്സാഹപ്പെടുത്താൻ ഡെറിവേറ്റീവ്( ഫ്യൂച്ചർ ആന്റ് ഓപ്ഷൻസ്) ഇടപാടുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് ( ഓഹരി കൈമാറ്റ നികുതി-എസ്‌ടിടി) വർദ്ധിപ്പിച്ചത് ആവശ്യമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രബജറ്റിൽ ഹ്രസ്വകാല മൂലധന നേട്ട നികുതിയും ദീർഘകാല മൂലധന നേട്ട നികുതിയും വർദ്ധിപ്പിച്ചിരുന്നു. ഹ്രസ്വകാല മൂലധന നേട്ട നികുതി 15% ൽ നിന്ന് 20% ആയും ദീർഘകാല മൂലധന നേട്ട നികുതി 10% ൽ നിന്ന് 12.5% മായും ഉയർത്തി. കൂടാതെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) ബജറ്റിൽ 0.0125% ൽ നിന്ന് 0.02% ആയും ഓപ്ഷനുകളുടെ 0.0625% ൽ നിന്ന് 0.1% ആയും ഉയർത്തി. ഇതോടെ ഓഹരികളിലും വസ്തുവിലും നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്നവർ കൂടുതൽ തുക നികുതി ഇനത്തിൽ നൽകണം.















