ന്യൂഡൽഹി: കുട്ടികൾക്കുള്ള ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ബജറ്റിൽ എൻ.പി.എസ് വാത്സല്യ യോജന അവതരിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. ദേശീയ പെൻഷൻ പദ്ധതിയുടെ വകഭേദമായാണ് എൻ.പി.എസ് വാത്സല്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതിക്ക് കീഴിൽ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അക്കൗണ്ട് തുറക്കാനും വിഹിതം അതിലേക്ക് സംഭാവന ചെയ്യാനും സാധിക്കും. കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ പദ്ധതി എൻ.പി.എസിൽ നിന്നും മാറ്റാൻ സാധിക്കും. കുടുംബങ്ങൾക്കിടയിൽ സമ്പാദ്യ ശീലവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് പദ്ധതിയെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും പെൻഷൻ ഉറപ്പാക്കാനായി 2004ൽ ആരംഭിച്ച കേന്ദ്ര പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (NPS). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി 2013 ലെ പിഎഫ്‌ആർഡിഎ ആക്‌ട് പ്രകാരമാണ് എൻപിഎസിന്റെ പ്രവർത്തനം. റസിഡൻറ്, നോൺ റസിഡൻറ് അല്ലെങ്കിൽ ഓവർസീസ് സിറ്റിസൺ ആയ ഇന്ത്യൻ പൗരൻമാർക്ക് പദ്ധതിയിൽ അംഗമാകാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.















