ന്യൂഡൽഹി: ബജറ്റ് വിവേചനപരമാണെന്ന പ്രതിപക്ഷ ആരോപണത്തെ പൂർണ്ണമായും തള്ളി ധനമന്ത്രി നിർമ്മല സീതാരാമൻ. തങ്ങളുടെ സംസ്ഥാനങ്ങൾക്ക് ഫണ്ടുകളോ പദ്ധതികളോ അനുവദിച്ചിട്ടില്ലെന്ന തെറ്റായ ധാരണ ജനങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന്റെ ശ്രമം. ‘അതിരുകടന്ന ആരോപണം’ പ്രതിപക്ഷത്തിന്റെ ബോധപൂർവമായ ശ്രമവുമാണെന്നും മന്ത്രി രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
ബജറ്റ് പ്രസംഗം മുഴുവൻ കേട്ടതിന് ശേഷം എല്ലാം സംസ്ഥാനങ്ങളുടെയും പേരു പറഞ്ഞില്ലെന്ന് പറയാനായി മാത്രം മല്ലികാർജുന ഖാർഗെയെ പോലെയുള്ള മുതിർന്ന നേതാവ് എഴുന്നേറ്റുനിന്നത് നിർഭാഗ്യകരമാണ്. വളരെ കാലം അധികാരത്തിൽ ഇരുന്ന് നിരവധി ബജറ്റുകൾ അവതരിപ്പിച്ച് പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ബജറ്റിലും എല്ലാ സംസ്ഥാനങ്ങളുടെയും പേര് ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് അവർക്ക് വ്യക്തമായി അറിയാം. ബജറ്റിൽ പേര് പറഞ്ഞില്ല എന്നതിന് അർത്ഥം സംസ്ഥാനങ്ങളെ അവഗണിച്ചു എന്നാണോ? മഹാരാഷ്‌ട്രയിലെ വധ്വാനിൽ തുറമുഖം സ്ഥാപിക്കാൻ അനുമതി നൽകിയ കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ചോദിച്ചു. ബജറ്റിൽ പരാമർശിക്കാത്ത പദ്ധതിയാണ് ഇതെന്നും മഹാരാഷ്‌ട്രയ്‌ക്ക് 76,000 കോടി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഒരു പ്രത്യേക സംസ്ഥാനത്തിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ, അതിനർത്ഥം ഇന്ത്യാ ഗവൺമെൻ്റിന്റെ എല്ലാം പദ്ധതികളും പരിപാടികളും എല്ലാം അവർക്കും ലഭിക്കും എന്നാണ്. ലോകബാങ്ക്, എഡിബി, എഐബി എന്നിവയിൽ നിന്നും ലഭിക്കുന്ന സഹായവും പതിവ് പോലെ ഈ സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകുന്നുണ്ട്. ഇതെല്ലാം പ്രതിപക്ഷത്തിന് വ്യക്തമായി അറിയാം. എന്നിട്ടും ഇത്തരം അതിരുകടന്ന ആരോപണം
പ്രതിപക്ഷം ഉയർത്തുന്നത് മറ്റ് പല ലക്ഷ്യങ്ങളും വെച്ചാണ് മന്ത്രി, വ്യക്തമാക്കി.















