എറണാകുളം: ഹൈറിച്ച് തട്ടിപ്പ് കേസിൽ ഉടമ കെ.ഡി പ്രതാപന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പരിഗണിച്ച കൊച്ചിയിലെ പിഎംഎൽഎ കോടതി പ്രതിക്ക് എതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും വ്യക്തമാക്കി.
കെ ഡി പ്രതാപൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതോടെ ജയിലിൽ കഴിയുന്ന പ്രതിയുടെ റിമാൻഡ് കാലാവധി നീളും. തനിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് ഇഡി അഡിയുടെ അറസ്റ്റെന്ന് ആരോപിച്ചായിരുന്നു പ്രതാപന്റെ ജാമ്യാപേക്ഷ.
ഇതിനെതിരെ ഇഡി സത്യവാങ്മൂലവും സമർപ്പിച്ചു. ഈ കേസ് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇഡി വിശദീകരിച്ചു. ഝാർഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും വ്യാപക തട്ടിപ്പ് നടന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ കെ.ഡി പ്രതാപന് ജാമ്യം അനുവദിച്ചാൽ സാക്ഷികളേയും പരാതിക്കാരെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി കെ ഡി പ്രതാപനെ അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കേസിൽ ഇഡിയുടെ അന്വേഷണം തുടരുകയാണ്.















