മൂന്ന് വയസുവരെ നാണംകുണുങ്ങിയായിരുന്നു ധിനിധി ദെസിംഗു. അടുത്തു വരുന്നവരോട് സംസാരിക്കുക പോലും ചെയ്യാതെ മാതാപിതാക്കൾക്ക് പിന്നിൽ ഒളിക്കുന്ന കുട്ടി. ഓരോ വയസ് കഴിയുമ്പോഴും വിട്ടുമാറാത്ത മകളുടെ നാണം ഭാവിയിൽ ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞ അച്ഛനും അമ്മയും ഒരു പോംവഴി കണ്ടു. അടുത്തുളള നീന്തൽകുളത്തിൽ അവളെയും കൂട്ടി നീന്താൻ പോകുക. മറ്റുള്ളവരുമായി ഇടപഴകാനും കൂട്ടുകൂടാനുമുളള ധിനിധിയുടെ വിമുഖത മാറ്റിയെടുക്കുകയായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം.
പക്ഷെ വെളളം കണ്ട ആറ് വയസുകാരി ധിനിധി അവിടെയും പേടിച്ചു. കുളത്തിലെ വെളളത്തിൽ കാല് നനയ്‌ക്കാനോ തല മുങ്ങി നിൽക്കാനോ അവൾ വല്ലാതെ ഭയപ്പെട്ടു. അതിനും ആ മാതാപിതാക്കൾ പരിഹാരം കണ്ടെത്തി. അവർ ആദ്യം കുളത്തിലിറങ്ങി നീന്തിക്കാണിച്ചു. അങ്ങനെ മകളുടെ പേടി പതുക്കെ മാറ്റിയെടുക്കാനായി ശ്രമം. അങ്ങനെ പതുക്കെ കുഞ്ഞ് ധിനിധിയും വെളളത്തിലേക്ക് ഇറങ്ങാൻ തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും അവളുടെ പേടി കുറഞ്ഞുവന്നു. കയ്യും കാലുമെടുത്ത് വെളളത്തിൽ നീന്തുന്നതും വെളളത്തിൽ കളിക്കുന്നതുമൊക്കെ അവൾ ഇഷ്ടപ്പെട്ടു തുടങ്ങി. ക്രമേണ കൂടുതൽ ഉത്സാഹത്തോടെ അവൾ നീന്തൽകുളത്തിലേക്ക് മുടങ്ങാതെ എത്തി.
നാണക്കാരിയായ ആ കുട്ടി ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞു. അച്ഛനും അമ്മയും സ്വപ്‌നം കണ്ടതിനപ്പുറം അവൾ നീന്തിക്കയറിയത് റെക്കോർഡുകളിലേക്കാണ്. 2024 പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റാണ് കർണാടകയിൽ നിന്നുളള ധിനിധി. ഒൻപതാം ക്ലാസുകാരിയായ അവൾക്ക് ഇന്ന് പ്രായം 14. 200 മീറ്റർ ഫ്രീസ്‌റ്റൈൽ ഇനത്തിലാണ് അവൾ പങ്കെടുക്കുക. ആദ്യത്തെ ഭയം മാറി വെള്ളവുമായി പൊരുത്തപ്പെട്ടങ്കിലും സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ പലപ്പോഴും താൻ പരാജയപ്പെട്ടുവെന്ന് ധിനിധി പറയുന്നു.
പരിശീലന സമയത്ത് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മത്സരങ്ങളെ അഭിമുഖീകരിക്കാൻ അവൾക്ക് സാധിച്ചിരുന്നില്ലെന്ന് മാതാവ് ജെസിത പറയുന്നു. ചിലപ്പോൾ മത്സരത്തിന്റെ തലേന്ന് പനി പടിപ്പിക്കും. അല്ലെങ്കിൽ നീന്തനായി ഇറങ്ങുമ്പോൾ ഛർദ്ദിക്കും. എട്ടാം വയസിൽ മംഗലാപുരത്ത് നടന്ന സംസ്ഥാനതല ഓപ്പൺ മീറ്റാണ് ധിനിധിക്ക് വഴിത്തിരിവായത്. മകളുടെ ആശങ്കയെക്കുറിച്ചോർത്ത് മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് ധിനിധിയും അമ്മയും മത്സരത്തിന് പോകാൻ തീരുമാനിച്ചു.
ബസിലായിരുന്നു മംഗലാപുരത്തേക്കുള്ള യാത്ര. യാത്രയിലുടനീളം അവൾ ഭയന്ന് ഛർദ്ദിച്ചു. പേടിയാണെന്നും മത്സരത്തിനിറങ്ങുന്നില്ലെന്നും ബസിറങ്ങിയ ഉടനെ അവൾ മാതാപിതാക്കളോട് പറഞ്ഞു. എത്ര ബുദ്ധിമുട്ടിയാണ് നമ്മൾ ഇവിടം വരെ എത്തിയതെന്നും, നീന്തൽ കുളം കാണാമെന്നും സാധിക്കുമെങ്കിൽ മാത്രം മത്സരത്തിനിറങ്ങിയാൽ മതിയെന്നും പറഞ്ഞ് പിതാവ് അവളെ സമാധാനിപ്പിച്ചു. കുളത്തിന് ചുറ്റും അച്ഛനുമൊത്ത് നടക്കുമ്പോൾ തനിക്ക് അതിന് കഴിയുമെന്ന ആത്മവിശ്വസം അവളിൽ നിറഞ്ഞു. പേടിച്ച് മത്സരിക്കാൻ ഇറങ്ങിയ അവൾ അന്ന് സ്വർണ മെഡലുമായാണ് തിരികെ വീട്ടിലേക്ക് വണ്ടി കയറിയത്. അതിനുശേഷം അവൾക്ക് മത്സരത്തിന് മുൻപ് ഛർദ്ദിയും പനിയും ഉണ്ടായിട്ടില്ലെന്ന് അമ്മ ജെസിത പറയുന്നു.
അന്ന് പേടിച്ചിരുന്ന കുട്ടി ധിനിധി ഇന്ന് ഉയരങ്ങൾ ഒന്നൊന്നായി കീഴടക്കുകയാണ്. നിലവിൽ ദേശീയ ഗെയിംസിൽ ഏഴ് സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ നീന്തൽ താരമെന്ന ബഹുമതിയും ധിനിധിക്കുണ്ട്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ റെക്കോർഡ് ഇതിനകം സ്വന്തമാക്കിയിട്ടുള്ള അവൾ 2022-ലെ ഹാങ്ഷൂ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്.
ദ്രോണാചാര്യ അവാർഡ് ജേതാവ് നിഹാർ അമീൻ മുഖ്യപരിശീലകനായ ബാംഗ്ലൂരിലെ ഡോൾഫിൻ അക്വാട്ടിക്‌സിലാണ് ധിനിധി പരിശീലനം നടത്തുന്നത്. മധുകുമാറാണ് പരിശീലകൻ. 2019 ൽ രാജ്‌കോട്ടിലെ നീന്തൽകുളത്തിലെ ധിനിധിയുടെ പ്രകടനം കണ്ടാണ് അവളിലെ കഴിവ് മധുകുമാർ തിരിച്ചറിഞ്ഞത്. തുടക്കത്തിലെ ബുദ്ധിമുട്ടുകൾ മറികടന്നാൽ വളരെ വേഗം കാര്യങ്ങൾ പഠിച്ചെടുക്കാനുളള അവളുടെ കഴിവ് കൂടി പ്രയോജനപ്പെടുത്തിയതോടെ ധിനിധിയുടെ മികവ് അത്ഭുതപ്പെടുത്തുന്നതായി മാറിയെന്ന് മധുകുമാർ പറയുന്നു. ഏഷ്യൻ ഗെയിംസിലെ അനുഭവം പാരീസ് ഒളിമ്പിക്‌സിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ധിനിധി.















