തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ തടവുകാരൻ ചാടിപ്പോയി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തൃശൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയ തടവുകാരനാണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്.
ശ്രീലങ്കൻ പൗരനായ അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എറണാകുളം കോസ്റ്റൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലാ ജയിലിൽ നിന്നും ഇയാളെ വിയ്യൂരിലേക്ക് പിന്നീട് മാറ്റുകയായിരുന്നു.
വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ച പ്രതിയെ പരിശോധിച്ചപ്പോൾ ഇയാളുടെ പക്കൽ നിന്ന് നിരോധിതവസ്തു കണ്ടെടുത്തിരുന്നു. ഈ കേസിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയത്. എന്നാൽ ഇതിനിടയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ നടന്ന് വരികയാണെന്ന് പൊലീസ് പറഞ്ഞു.















