ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നിർണായക വഴിത്തിരിവിലേക്ക്. 9-ാം നാളിൽ തെരച്ചിൽ പുരോഗമിക്കുമ്പോൾ അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് കർണാടക പൊലീസ്. കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഭാരത് ബെൻസിന്റെ ട്രക്കാണ് ലൊക്കേറ്റ് ചെയ്തിരിക്കുന്നതെന്ന് കാർവാർ എസ്പി നാരായണ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മണ്ണിടിച്ചിൽ കാരണം നദിയിൽ വൻ മണ്ണുമലയാണ് രൂപപ്പെട്ടത്. ഇതിൽ 15 അടിയോളം ആഴത്തിലാണ് അർജുന്റെ ട്രക്ക് ചളിയിൽ പുതഞ്ഞു കിടക്കുന്നതെന്നും എസ്പി പറഞ്ഞു. ട്രക്കിന്റെ അടുത്തേക്ക് നാവികസേന പുറപ്പെട്ടിട്ടുണ്ട്. 18 അംഗ ഉദ്യോഗസ്ഥരാണ് ട്രക്കിന് സമീപത്തേക്ക് പോയിരിക്കുന്നത്. എന്നാൽ കനത്ത മഴയും കാറ്റും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തുകയാണ്.
പെരുമഴയിലും തീവ്രദൗത്യമാണ് അങ്കോലയിൽ നടക്കുന്നത്. അതിവേഗത്തിൽ മണ്ണ് നീക്കൽ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. രക്ഷാദൗത്യം രാത്രിയും തുടരുമെന്ന് അധികൃതർ അറിയിച്ചു. ട്രക്ക് കരയിലെത്തിക്കാനുള്ള ശ്രമങ്ങളും അതിവേഗം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സോണാർ എസ്കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിലിൽ ലോറി ലൊക്കേറ്റ് ചെയ്ത നിർണായക ചിത്രം സൈന്യം പുറത്തുവിട്ടിരുന്നു. ഒരു ട്രക്ക് പുഴയിലുണ്ടെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും എക്സിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോറി അർജുന്റേതാണെന്ന് കാർവാർ എസ്പി സ്ഥിരീകരിച്ചത്.















