ബെംഗളൂരു: ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കാർവാർ എസ് പി എം നാരായണ. ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ, റഡാർ പോലുള്ള കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് നാളെ രക്ഷാപ്രവർത്തനം നടത്തുമെന്നും, തെരച്ചിൽ പൂർത്തിയാകും വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ് പി വ്യക്തമാക്കി.
ട്രക്കിന്റെ ക്യാബിനിൽ അർജുൻ ഉണ്ടോയെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അതിന് ശേഷമെ വാഹനം പുറത്തെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. നാവിക സേനയുടെ മുങ്ങൽ വിദഗ്ദർ ഇറങ്ങി പരിശോധന നടത്തും. ഭാരിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തും. പ്രത്യേക യന്ത്രങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചാകും നാളെ തിരച്ചിൽ നടക്കുക.
കനത്ത മഴയെ തുടർത്ത് പുഴയിൽ നീരൊഴുക്ക് കൂടിയതിനാൽ മുങ്ങൽ വിദഗ്ദർക്ക് ഇന്ന് ട്രക്കിന് അടുത്തേക്ക് എത്താനായിട്ടില്ല. ഡൽഹിയിൽ നിന്നുള്ള അത്യാധുനിക റഡാർ സംവിധാനം വ്യാഴാഴ്ച രാവിലെ ഷിരൂരിലെത്തിക്കും. സ്ഥിരീകരിക്കാത്ത വാർത്തകൾ മാദ്ധ്യമങ്ങൾ നൽകരുതെന്നും അദ്ദേഹം പരഞ്ഞു. നാളെ വൈകുന്നേരത്തോടെ ദൗത്യം ഫലം ലക്ഷ്യത്തിലെത്തുമെന്നും എസ്പി പറഞ്ഞു.
റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം കാർവാറിലെത്തിയിട്ടുണ്ട്. കര-നാവിക സേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ അദ്ദേഹം ട്രക്ക് എവിടെയാണുള്ളതെന്ന് കൃത്യമായി പറയാൻ ഇനിയും പരിശോധന ആവശ്യമാണെന്നും വ്യക്തമാക്കി. നിലവിൽ പുഴയിൽ രൂപപ്പെട്ട മൺകൂനയ്‌ക്കും കരയ്‌ക്കും ഇടയിലാണ് ട്രക്കെന്നാണ് റിപ്പോർട്ട്.