ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്കിനരികിലേക്ക് ദൗത്യ സംഘം. നിർണായകമായ 10-ാം ദിനത്തിലെ രക്ഷാപ്രവർത്തനം ആരംഭിക്കാനായി ദൗത്യസംഘം ദുരന്തസ്ഥലത്തെത്തി. നദിയിലിറങ്ങുന്നതിനായി ബോട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. മുങ്ങൽ വിദഗ്ധരെല്ലാം സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ‘ഐ ബോർഡ്’ എന്ന ഉപകരണം ഉപോയഗിച്ച് ഇന്ന് തെരച്ചിൽ നടത്തും.
മഴ മാറി നിൽക്കുന്നതിനാൽ വൈകാതെ രക്ഷാദൗത്യം ആരംഭിക്കും. നാവികസേനയുടേയും സൈന്യത്തിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദുരന്ത സ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥരെ മാത്രം കടത്തിവിട്ടാൽ മതിയെന്നും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ലോറിയുടെ പൊസിഷൻ കണ്ടുപിടിക്കുന്നതിന് മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ ഡ്രോണുകൾക്ക് തടസമാകുമെന്നതിനാലാണ് ഇത്തരം വസ്തുക്കൾ ഉപയോഗിക്കരുതെന്ന നിർദേശം നൽകിയിരിക്കുന്നത്.
15 അംഗ നാവികസേന ഉദ്യോഗസ്ഥർ ഡിങ്കി ബോട്ടുകളിലെത്തി ട്രക്കിനായി തെരച്ചിൽ നടത്തും. എൻഡിആർഎഫ് സംഘമാണ് കരയിലെ സാഹചര്യങ്ങൾ നിയന്ത്രിക്കുന്നത്. ട്രക്കിൽ അർജുനുണ്ടോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ ലോറി പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. ദുരന്ത സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മാദ്ധ്യമങ്ങൾക്കടക്കം വിലക്കുണ്ട്.















