ഷിരൂർ: അർജുന്റെ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്താനായി നാവികേസനയുടെ മുങ്ങൽ വിദഗ്ധരെത്തി. ലോംഗ് ബൂം എക്സ്കവേറ്ററും സ്ഥലത്തെത്തിച്ചു. നദിയിലെ അടിയൊഴുക്ക് കുറഞ്ഞാൽ ഇവർ ഉടൻ തിരച്ചിൽ ആരംഭിക്കുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. കൂടുതൽ സംഘം ഉടനെത്തും.
ഇന്നത്തെ രക്ഷാദൗത്യമിങ്ങനെ..
- ചെളി നീക്കുകയാണ് പ്രഥമ ഘട്ടം. തുടർന്ന അർജുന്റെ വാഹനമുള്ള സ്ഥലത്തെത്തുക ലക്ഷ്യം
- രണ്ട് ബൂം എക്സ്കവേറ്റർ പുഴയുടെ കൂടുതൽ അരികിലെത്തിക്കും
- ലോറിയിൽ മനുഷ്യസാന്നിധ്യം ഉണ്ടോയെന്ന് ഉറപ്പിക്കും
- ഉണ്ടെങ്കിൽ പുറത്തെത്തിക്കാൻ ആദ്യ പരിശോധന
- തുടർന്ന് ട്രക്ക് ഉയർത്താനായി ഇരുമ്പുവടം ട്രക്കിൽ ഘടിപ്പിക്കും
- മനുഷ്യനില്ലെങ്കിൽ തടി വേർപ്പെടുത്തിയാകും ട്രക്ക് ഉയർത്തുക
- ഒഴുക്കുള്ള പുഴയിൽ ലോറി ഉറപ്പിച്ച് നിർത്തും
- ലോറിയിൽ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കും
- നദിയിലേക്ക് ഒഴുക്ക് കുറയ്‌ക്കാനും സാധ്യത തേടുമെന്നാണ് വിവരം.
തിരച്ചിൽ പദ്ധതികളും തുടർനടപടികളും ചർച്ച ചെയ്യാൻ ഉന്നതതലയോഗം ഉടൻ സംഘടിപ്പിക്കും. തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ മഴ കനക്കുകയാണ്. ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായാൽ ദൗത്യം ദുഷ്കരമാകും. കരയിൽ നിന്ന് 20 അടി അകലെ 15 അടി താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്.















