ന്യൂഡൽഹി: റേഷൻ കടകളുടെ വൈവിദ്ധ്യവത്കരണവുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താൻ ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയം തയ്യാറെടുക്കുന്നു. ആദ്യ ഘട്ടത്തിൽ ഹൈദരാബാദ്, ഗാസിയാബാദ്, ജയ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ 60 കടകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ആദ്യപടിയായി പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടാത്ത കൂടുതൽ പോഷക മൂല്യമുള്ള ഭക്ഷ്യവസ്തുക്കൾ റേഷൻ കട വഴി എത്തിക്കാനാണ് ശ്രമം. ഇതിന് ആവശ്യമാ പ്രവർത്തന മൂലധനം സ്‌മോൾ ഇൻഡസ്‌ട്രീസ് ഡെവലപ്‌മെൻ്റ് ബാങ്ക് വഴി നൽകും.
റേഷൻ കടകൾ കൂടുതൽ ജനകീയമാക്കാൻ നിരവധി പരിഷ്കാരങ്ങളാണ്
അണിയറയിൽ ഒരുങ്ങുന്നത്. റേഷൻ കടകളോട് ചേർന്ന് കോമൺ സർവീസ് സെന്റർ, ബാങ്കിംഗ് സേവനങ്ങൾ, പോസ്റ്റോഫീസ് സേവനങ്ങൾ, 5 കിലോയുടെ എൽപിജി സിലിണ്ടറുകളുടെ വിൽപ്പന, ജനറൽ സ്റ്റോർ എന്നിങ്ങനെയാണ് വിഭാവനം ചെയ്യുന്നത്. ഇതുവഴി റേഷൻ കട ഉടമകൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും സാധിക്കും.
കൂടാതെ കട ഉടമകളുടെ സംരംഭകത്വ കഴിവുകൾ വർദ്ധിപ്പാക്കാൻ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകൾ നടപ്പാക്കും. നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയത്തിന്റെ (MSDE) സഹായത്തോടെയാണ് കോഴ്സുകൾ സംഘടിപ്പിക്കുക. ഗുണഭോക്താവിന്റെ അവകാശങ്ങൾ കാണിക്കുന്ന ഇൻഫർമേഷൻ ബോർഡുകൾ, സിസിടിവി ക്യാമറകൾ എന്നിവ സ്ഥാപിക്കാനും മന്ത്രാലത്തിന് പദ്ധതിയുണ്ട്.