തിരുവനന്തപുരം: കർക്കടകമാസത്തിൽ‘ രാമരാജ്യമായി ‘മാറുന്ന ഒരു ഗ്രാമം. ഗ്രാമത്തിലെ വീടുകളിൽ കർക്കട മാസത്തിൽ ബാലകാണ്ഡം മുതൽ ശ്രീരാമ ഭഗവാന്റെ പട്ടാഭിഷേകം വരെയുള്ള മുഴുവൻ ഭാഗങ്ങളുടെയും പാരായണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ അരങ്ങൽ ഗ്രാമമാണ് രാമായണ ശീലുകളാൽ അനുഗ്രഹീതമാകുന്നത്.
രാമായണ മാസം ഒരു നാട്ടിന്റെ ഉത്സവമാക്കി കൊണ്ടാടുകയാണ് അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ അരങ്ങൽ നിവാസികൾ. രാമായണ മാസാചരണത്തിന്റെ ഭാഗമായി ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിലുള്ള വീടുകളിൽ സന്ധ്യയോടെ നൂറുകണക്കിന് പ്രദേശവാസികൾ ഒന്നിച്ച് ചേർന്ന് രാമായണ പാരായണവും ഭജനയും നടത്തും. കർക്കട മാസത്തിന്റെ അവസാന ദിവസം പട്ടാഭിഷേകത്തോടെ ഭഗവാനെ ആ വീടിന്റെ കുടുംബ നാഥനായി കുടിയിരുത്തി ദീപാരാധനയോടെ ചടങ്ങുകൾ അവസാനിപ്പിക്കും. ഒപ്പം ചിങ്ങം ഒന്നിന് അരങ്ങൽ മഹാദേവർ ക്ഷേത്ര സന്നിധിയിൽ മഹാപട്ടാഭിഷേക ചടങ്ങുകളും നടക്കും.
പഞ്ഞ മാസം ഗ്രാമത്തിൽ ആഘോഷത്തിന്റെ മാസമായെന്ന് സംഘാടക സമിതി അംഗങ്ങൾ പറഞ്ഞു. ആബാലവൃദ്ധം ജനങ്ങളും ആവേശത്തോടെയാണ് ഇതിന്റെ ഭാഗമാകുന്നത്. രാമായണ മാസാചരണം ആരംഭിച്ചതോടെ കൊച്ചുകുട്ടികൾക്ക് വരെ രാമായണം വായിക്കാൻ പഠിക്കണമെന്ന താൽപ്പര്യം വന്നിട്ടുണ്ട്. മിക്കവീടുകളിലെ കുട്ടികൾ നന്നായി രാമായണം വായിക്കുന്നുണ്ട്. രാമായണ മാസാചരണത്തിലൂടെ പുതു തലമുറയ്‌ക്ക് രാമായണത്തോട് താൽപര്യമുണ്ടാക്കിയെടുക്കാൻ സാധിച്ചതായും സംഘാടക സമിതി അംഗങ്ങൾ കൂട്ടിച്ചേർത്തു.
വീഡിയോ കാണാം……
https://www.youtube.com/watch?v=MF4EdwUxJ7g