ന്യൂഡൽഹി: ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം നടത്തിയ പരിശോധനയിൽ 100 കമ്പനികളുട ചുമ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ചില മരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ആരോഗ്യമന്ത്രാലയത്തിന് കൈമാറി.
7,000 ബാച്ച് ചുമ മരുന്നുകൾ പരിശോധിച്ചപ്പോൾ 353 ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഒൻപത് ബാച്ച് മരുന്നുകളിൽ ദോഷകരമായ ഡൈ എത്തിലീൻ ഗ്ലൈക്കോൾ,എത്തിലീൻ ഗ്ലൈക്കോൾ തുടങ്ങിയ ഘടകങ്ങൾ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഛർദ്ദി, ഹൃദയാഘാതം, രക്തചംക്രമണവ്യൂഹത്തിലെ പ്രശ്നങ്ങൾ, വൃക്കസംബന്ധമായ അസുഖം എന്നിവയ്‌ക്ക് കാരണമാകും. പരിശോധനയ്‌ക്ക് പിന്നാലെ ഒന്നരവർഷത്തിനിടെ 144 മരുന്നുത്പാദന യൂണിറ്റുകൾ പൂട്ടി.
ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ ചുമ മരുന്നുമായി ബന്ധപ്പെട്ട് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം നടപടി ശക്തമാക്കിയത്.















