ഛത്രപതി ശിവജി മഹാരാജിന്റെ വാഗ് നഖ് ഇന്ത്യയിലെത്തിയതിന് പിന്നാലെ പ്രതാപ്ഗഡ് കോട്ടയിൽ അഫ്സൽ ഖാനെ വധിക്കുന്ന ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350 വർഷം പൂർത്തിയായ വേളയിലാണ് പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത് . ഇതിന്റെ ആദ്യ ദൃശ്യം പുറത്ത് വന്നിട്ടുണ്ട് .
ഈ സ്മാരകം നിർമ്മിക്കാൻ ‘ഹിന്ദു ഏകതാ ആന്ദോളൻ, സത്താറ’ തുടങ്ങിയ സംഘടനകൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു . പ്രതാപ്ഗഡിൽ പ്രതിമ സ്ഥാപിക്കുമെന്ന് മന്ത്രി മംഗൾ പ്രഭാത് ലോധയും പ്രഖ്യാപിച്ചിരുന്നു. പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യുമെന്നാണ് സൂചന . ഛത്രപതി ശിവാജി മഹാരാജ് അഫ്‌സൽ ഖാനെ വധിക്കുന്ന രംഗം ജീവസുറ്റതാക്കുന്ന പ്രതിമ പൂനെയിലാണ് നിർമ്മിക്കുന്നത്. ശിൽപിയായ ദീപക് തോപ്‌തെയ്‌ക്കാണ് ഇതിന്റെ ചുമതല.
1659 നവംബർ 10-ന് നടന്ന പ്രതാപ്ഗഡ് യുദ്ധത്തിന്റെ വാർഷികം ഇപ്പോഴും പ്രതാപ്ഗഡ് കോട്ടയിൽ ആഘോഷിക്കാറുണ്ട്. ഈ ദിവസം സർക്കാരും പ്രതാപ്ഗഡിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
അതേസമയം പ്രതാപ്ഗഡിന്റെ പരിസരത്തുള്ള അഫ്സൽ ഖാന്റെ ശവകുടീരത്തെച്ചൊല്ലി വലിയ വിവാദം നിലനിൽക്കുന്നുണ്ട്. പ്രതാപ്ഗഡിന്റെ പരിസരത്തുള്ള കയ്യേറ്റങ്ങൾ സർക്കാർ നീക്കം ചെയ്തിരുന്നു .ഇപ്പോൾ അഫ്‌സൽ ഖാന്റെ ശവകുടീരവും പൊളിച്ചു മാറ്റുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് ശേഷം ഇവിടെ ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്നും അവർ പറയുന്നു.















