ഷിരൂർ: ” ശരവണന് വേണ്ടി തമിഴ്നാട്ടിൽ നിന്ന് ആരും വന്നില്ല, അവനെ കൂടി അന്വേഷിക്കണമെന്ന് അധികൃതർ ആരും പറഞ്ഞില്ല. അർജുന് കിട്ടുന്ന പിന്തുണ ശരവണനും ലഭിച്ചിരുന്നെങ്കിൽ..” നിറകണ്ണുകളോടെ ശരവണന്റെ അമ്മാവൻ സെന്തിൽ കുമാർ പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു. അർജുനെ പോലെ തമിഴ്നാട് നാമക്കൽ സ്വദേശിയായ ശരവണനെയും കാണാതായിട്ട് 10 നാളുകൾ പിന്നിടുകയാണ്. ഇതുവരെയും ശരവണനെ കുറിച്ചുള്ള വിവരമൊന്നും അധികൃതർ നൽകിയില്ലെന്ന് അമ്മാവൻ പറയുന്നു.
അർജുനെ കണ്ടെത്തുന്നതിനായി ഒരു നാട് മൊത്തം കൈകോർത്തപ്പോൾ ആരോട് സഹായം ചോദിക്കണമെന്നറിയാതെ നിസ്സഹായനായി ദുരന്തമുഖത്ത് നിൽക്കുകയാണ് സെന്തിൽ കുമാർ. തമിഴ്നാട്ടിൽ നിന്ന് ദുരന്തമുഖത്തേക്ക് അധികൃതർ ആരും തിരിഞ്ഞുനോക്കിയില്ലെന്നും തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ടപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും സെന്തിൽ കുമാർ പറഞ്ഞു.
അർജുന് നൽകുന്ന അതേ പ്രാധാന്യം ശരവണനും നൽകുന്നുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കർണാടക എസ്പിയും ജില്ലാ കളക്ടറും ഉറപ്പ് നൽകിയിരുന്നു. ഈ വാക്കുകളുടെ പുറത്താണ് താൻ ഇവിടെ നിന്നും പോകാതെ നിൽക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപകടം നടക്കുന്നതിന് മുമ്പ് ശരവണൻ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് 10 മണിയോടെയാണ് അപകട വിവരം അറിഞ്ഞത്. ഉടൻ തന്നെ ശരവണന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ലോറി ഉടമ അപകട സ്ഥലത്തെത്തിയെങ്കിലും വിവരം അറിഞ്ഞാൽ അറിയിക്കാമെന്ന് പറഞ്ഞ് മടങ്ങി പോയെന്നും സെന്തിൽ കുമാർ വേദനയോടെ പറയുന്നു.