ബെംഗളൂരു: ആദ്യ ദിവസം തന്നെ അർജുൻ ഓടിച്ചിരുന്ന വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്ന് താൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നതാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. എന്നാൽ കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തകരെന്ന് അവകാശപ്പെട്ട് എത്തിയവർ അത് അംഗീകരിച്ചില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.
ട്രക്കിന്റെ പ്രത്യേകതകൾ പറഞ്ഞ് റോഡിലുണ്ടാകാനാണ് സാധ്യതയെന്ന് പറഞ്ഞു. കർണാടക ഭരണകൂടവും അവരുടെ വാക്കുകൾ വിശ്വാസത്തിലെടുത്ത് പ്രവർത്തിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് കന്നഡിഗരായ രണ്ടുപേരെയും കാണാതായിട്ടുണ്ട്. ഇവരെ കൂടെ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.
രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുമ്പോഴും മതിയായ രീതിയിലല്ല നടക്കുന്നതെന്ന ആക്ഷേപമാണ് ഉയർന്നത്. ഇലക്ഷൻ പ്രചരണം പോലും താൻ ഈ രീതിയിൽ നടത്തിയിട്ടില്ല. മാദ്ധ്യമങ്ങൾ രക്ഷാദൗത്യം നേരിട്ട് കണ്ടെത്താണെന്നും സത്യം തുറന്ന് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാദൗത്യം അതിവേഗം ഫലം കാണുന്നതിനായി കൊങ്കൺ പാലം മുതൽ ഗംഗാവലി പാലം വരെ നാളെ ഡ്രജ്ജർ ഉപയോഗിച്ചുള്ള പരിശോധന നടക്കുമെന്ന് സതീഷ് കൃഷ്ണ സെയിൽ കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി മേജർ ജനറൽ ഇന്ദ്രപാലനുമായി ഉദ്യോഗസ്ഥൻ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിനായി കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും പുഴയുടെ ആഴം അറിഞ്ഞ ശേഷം കൂടുതൽ യന്ത്രങ്ങൾ എത്തിക്കുമെന്നും എംഎൽഎ പറഞ്ഞു.
രണ്ട് നോട്ടിക്കൽ മൈലിൽ കൂടുതലാണ് പുഴയിലെ ഒഴുക്കെങ്കിൽ മുങ്ങൽ വിദഗദർക്ക് ഇറങ്ങാൻ സാധിക്കില്ല. നിലവിൽ 8 നോട്ടിക്കൽ മൈലിൽ കൂടുതലാണ് അടിയൊഴുക്ക്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.