തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി ഒല ഇലക്ട്രിക്. കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാൾ സോഷ്യൽ മീഡിയയിൽ ഒലയുടെ വരാനിരിക്കുന്ന ബൈക്കിന്റെ ഒരു ചിത്രവും പങ്കിട്ടു. ഇതാണ് പുതിയ വാഹനത്തിന്റെ ലോഞ്ചിനെക്കുറിച്ചുള്ള സൂചന നൽകിയത്. ട്യൂബുലാർ ഫ്രെയിമിൽ പൊതിഞ്ഞ ഒരു ബാറ്ററി പായ്‌ക്ക് ചിത്രം വെളിപ്പെടുത്തുന്നു. ഇത് ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്കിന്റെ വരവിനെയാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് ഒല ഇലക്ട്രിക് നാല് ഫ്യൂച്ചറിസ്റ്റിക് ഇ-മോട്ടോർസൈക്കിൾ ആശയങ്ങൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനി അടുത്തിടെ മൂന്ന് പുതിയ ഇ-ബൈക്ക് ഡിസൈനുകൾക്ക് പേറ്റൻ്റും നേടി. പുറത്തുവന്ന ചിത്രത്തിൽ, ട്യൂബുലാർ ഫ്രെയിമിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററി, ഇന്ത്യൻ ഇ-സ്‌കൂട്ടറുകളിൽ സാധാരണയായി കാണുന്നതിനേക്കാൾ വലിയ ബാറ്ററി പായ്‌ക്കാണ്.

അൾട്രാവയലറ്റ് എഫ് 77 മാക് 2, മാറ്റർ എയ്റ തുടങ്ങിയ മോഡലുകളോടാവും ഒലയുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ മത്സരിക്കുക. ഈ നീക്കം ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ഒലയെ സഹായിക്കും. ഇതിനകം തന്നെ S1 ഇലക്ട്രിക് സ്‌കൂട്ടർ ലൈനപ്പുമായി ഒല മുന്നിട്ട് നിൽക്കുകയാണ്.















