ബെംഗളൂരു: ഷിരൂരിലെ രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. ഇന്ന് രാത്രിയും അർജുനെ കണ്ടെത്തുന്നതിനായി ഡ്രോൺ-തെർമൽ സ്‌കാനർ എന്നിവ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുമെന്ന് കളക്ടർ പറഞ്ഞു. രാത്രിയിൽ തണുപ്പുള്ളതിനാൽ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും കളക്ടർ വ്യക്തമാക്കി.
റിട്ട. മേജർ ഇന്ദ്രബാലന്റെയും ദൗത്യസംഘത്തിന്റെയും വിലയിരുത്തൽ പ്രകാരം നാലിടങ്ങളിൽ നിന്നാണ് ലോഹസാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതിൽ ഒരിടത്തുനിന്ന് കൂടുതൽ സിഗ്‌നൽ ഐബോഡ് ഉപയോഗിച്ചുള്ള പരിശോധനയിൽ ലഭിച്ചു. ഇന്ന് രാത്രിയും നാളെ പുലർച്ചെയുമായി ലഭിക്കുന്ന സിഗ്നലിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ അടുത്തഘട്ടത്തിലേക്ക് കടക്കും.
ട്രക്കിന്റെ പൊസിഷൻ കണ്ടെത്തിയാലെ നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് അവിടെ എത്താനാകൂ. എന്നാൽ വെല്ലുവിളിയാകുന്നത് പുഴയിലെ അടിയൊഴുക്കാണ്. നിലവിൽ 6 മുതൽ 8 നോട്ട്‌സ് വരെയാണ് അടിയൊഴുക്ക്. മുങ്ങൾ വിദഗ്ധർക്ക് പരമാവധി 3 നോട്ട്‌സ് വരെയെ ഡൈവ് ചെയ്യാൻ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു