കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടന്ന പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, അമീബിക് മസ്തിഷ്കജ്വര ലക്ഷണങ്ങളോടുകൂടി മറ്റൊരു കുട്ടി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കും.
ദിവസങ്ങൾക്ക് മുമ്പാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലു വയസുകാരൻ അഫ്നാൻ രോഗമുക്തി നേടിയത്. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത് രാജ്യത്ത് അപൂർവമാണ്. ലോകത്ത് ഇത്തരത്തിൽ രോഗമുക്തി നേടിയത് 11 പേർ മാത്രമാണ്.















