മസ്‌ക്കത്ത്; ഒമാൻ കടലിൽ എണ്ണക്കപ്പൽ മറിഞ്ഞ് കാണാതായവർക്കായുളള
തിരച്ചിൽ അവസാനിപ്പിച്ചു. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ നാവികസേനയുടെ പിന്തുണയോടെ നടത്തിയ തിരച്ചിലിൽ 10 പേരെ രക്ഷപെടുത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ ആണ് അറിയിച്ചത്.
ഒമാൻ കടലിൽ ഈ മാസം 15 നാണ് പ്രസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണക്കപ്പൽ മറിഞ്ഞത്. കണ്ടെത്തിയവരിൽ 9 പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമായിരുന്നു. ഇവരിൽ ഒരു ഇന്ത്യൻ പൗരൻ പിന്നീട് മരിച്ചു. ഐഎൻഎസ് തേജും പി8ഐ വിമാനവും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് നേതൃത്വം നൽകിയത്.
രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച ഇന്ത്യൻ നാവികസേനയ്‌ക്കും മറ്റ് ഏജൻസികൾക്കും ഒമാൻ നന്ദി അറിയിച്ചു. ഒമാനിലെ ദുഖ് ഹം തുറമുഖത്തിന് സമീപം റാസ് മദ്‌റാഖയിൽനിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് എണ്ണക്കപ്പൽ മറിഞ്ഞത്. ദുബായിൽ നിന്നാണ് യെമൻ തുറമുഖമായ എയ്ഡനിലേക്ക് കപ്പൽ പുറപ്പെട്ടത്.













