വെലഗപ്പുഡി( ഗുണ്ടൂർ): ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിക്കെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. വൈഎസ് ജഗൻമോഹൻ റെഡ്ഡിയെ കൊളംബിയൻ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറുമായി നായിഡു താരതമ്യം ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ചും കഞ്ചാവ് വ്യാപനത്തെക്കുറിച്ചും ഒരു ധവളപത്രം പുറത്തിറക്കിയ നായിഡു, റെഡ്ഡി ഭരിച്ചിരുന്ന കാലത്തെ അത്തരമൊരു മോശം സാഹചര്യം താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി നടന്ന വൈഎസ്ആർ കോൺഗ്രസ് ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി വ്യാപകമായതായി അദ്ദേഹം ആരോപിച്ചു. ടാറ്റ, റിലയൻസ്, അംബാനി എന്നിവരേക്കാൾ സമ്പന്നനാകാൻ ആഗ്രഹിച്ച ആളാണ് ജഗൻ മോഹൻ റെഡ്ഡി എന്ന് നായിഡു വിശേഷിപ്പിച്ചു2019 നും 2024 നും ഇടയിൽ ആന്ധ്രാപ്രദേശ് സംസ്ഥാനം കഞ്ചാവിന്റെ തലസ്ഥാനമായി ഉയർന്നുവെന്നും ഇത് അടിച്ചമർത്തുമെന്ന് പ്രതിജ്ഞ യെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു
“ആന്ധ്രയിൽ സംഭവിച്ചതുമായി ഒരാളെ മാത്രമേ താരതമ്യം ചെയ്യാൻ കഴിയൂ, അത് പാബ്ലോ എസ്കോബാറാണ്,” നായിഡു നിയമസഭയിൽ പറഞ്ഞു.
“പാബ്ലോ എസ്കോബാർ ഒരു കൊളംബിയൻ മയക്കുമരുന്ന് പ്രഭു (Drug lord) ആണ്, അയാൾ ഒരു നാർക്കോ തീവ്രവാദിയാണ്, അയാൾ ഒരു രാഷ്‌ട്രീയക്കാരനായി മാറി, തുടർന്ന് മയക്കുമരുന്ന് വിൽക്കാൻ തന്റെ കാർട്ടൽ ആരംഭിച്ചു. അക്കാലത്ത് അദ്ദേഹം 30 ബില്യൺ ഡോളർ സമ്പാദിച്ചു, ഇപ്പോൾ അതിന്റെ മൂല്യം 90 ബില്യൺ ഡോളറാണ്. 1976-ലും 1980-ലും അറസ്റ്റ് ചെയ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മയക്കുമരുന്ന് പ്രഭുവായി മാറി, ” നായിഡു സംസ്ഥാന നിയമസഭയിൽ പറഞ്ഞു.
“മുൻ മുഖ്യമന്ത്രി (വൈ.എസ്. ജഗൻമോഹൻ റെഡ്ഡി)യുടെ ലക്ഷ്യം എന്തായിരുന്നു? ടാറ്റ, റിലയൻസ്, അംബാനി എന്നിവർക്ക് പണമുണ്ട്, അവരെക്കാൾ സമ്പന്നരാകാൻ അദ്ദേഹം ആഗ്രഹിച്ചു. കുറച്ച് ആവശ്യങ്ങളുണ്ട്, കുറച്ച് പേർക്ക് അത്യാഗ്രഹമുണ്ട്, കുറച്ച് പേർക്ക് മാനിയ ഉണ്ട്, ഈ ഭ്രാന്തന്മാർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നു. ,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷമായി ആന്ധ്രാപ്രദേശ് രാജ്യത്തിന്റെ മയക്കുമരുന്ന് തലസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നും നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി ആരോപിച്ചു. കൊലപാതകശ്രമം ഉൾപ്പെടെ ഒന്നിലധികം ക്രിമിനൽ കേസുകൾ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ഇതിനകംഫയൽ ചെയ്തു കഴിഞ്ഞു. ടിഡിപി എംഎൽഎ കെ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയെ തുടർന്നാണ് കൊലപാതക ശ്രമത്തിൽ കേസെടുത്തിരിക്കുന്നത്.