ശ്രീനഗർ: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ സന്ദർശനം നടത്തും. കർത്തവ്യ നിർവ്വഹണത്തിനിടയിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. രാവിലെ 9.20 ഓടെയാണ് ലഡാക്കിലെ ദ്രാസിലുള്ള യുദ്ധ സ്‍മാരകം സന്ദർശിക്കുന്നത്.
യുദ്ധ സ്മാരക സന്ദർശനത്തിന് ശേഷം ഷിങ്കുൻ – ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും. ഷിങ്കുൻ ലാ തുരങ്ക പദ്ധതിയിൽ നിമ്മു – പദും – ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കമാണ് ഉൾപ്പെടുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ലേയിലേക്കും അവിടെ നിന്ന് തിരികെയുള്ള യാത്ര ഇത് വഴി സുഗമമാകും. ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായി ഇത് മാറും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുന്നൊരുക്കങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനായി കഴിഞ്ഞ ദിവസം ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകം സന്ദർശിച്ചിരുന്നു.
1999 ലെ ഓപ്പറേഷൻ വിജയിലൂടെ ജമ്മു കശ്മീരിലെ തന്ത്രപ്രധാന മേഖലകൾ കയ്യേറാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു.1999 മെയിൽ തുടങ്ങിയ കാർഗിൽ യുദ്ധത്തിന്റെ വിജയമായാണ് ഇതിനെ കണക്കാക്കുന്നത്. യുദ്ധത്തിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 26 കാർഗിൽ വിജയ് ദിവസ് ആയി ആചരിച്ചുവരുന്നു.















