ആലപ്പുഴ: വിശക്കുന്നവനേ ആഹാരത്തിന്റെ വിലയറിയൂ. ലോകത്ത് ഒരു നേരത്തെ ആഹാരത്തിനായി കൊതിക്കുന്നവരേറെയാണ്. ലോകത്ത് ഏകദേശം 800 ദശലക്ഷം ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്. പട്ടിണി മരണങ്ങളും കുറവല്ല. എന്നാൽ കഴിക്കാനുള്ള ആഹാരത്തിന്റെ ഒരു പങ്ക് മിച്ചം വെച്ച് മറ്റുള്ളവരുടെ വിശപ്പകറ്റാനായി സ്കൂളിൽ എത്തിച്ച് ലോകത്തിന് തന്നെ മാതൃകയാവുകയാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിലെ കുട്ടികൾ. “വിശക്കുന്ന വയറിന് ഒരു പിടി അന്നം” എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ നടപ്പാക്കുന്ന അന്നപൂർണ്ണ പദ്ധതിയിലൂടെയാണ് വിദ്യാർത്ഥികളുടെ ജീവകാരുണ്യ പ്രവർത്തനം.
എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ ദിവസവും അമ്മ അരി അടുപ്പത്തിടുമ്പോൾ, ഒരു പിടി അരി കുഞ്ഞുകൈകളാൽ മാറ്റിവെച്ച് ഓരോ മാസവും അത് സ്കൂളിൽ എത്തിക്കും. ഇങ്ങനെ ശേഖരിക്കുന്ന അരി, രോഗികൾ, മക്കൾ ഉപേക്ഷിച്ച വൃദ്ധരായ മാതാപിതാക്കൾ, അനാഥർ, ജോലി ചെയ്ത് ജീവിക്കാൻ ആരോഗ്യമില്ലാത്തവർ തുടങ്ങിയവർക്കായി മാസം തോറും വിതരണം ചെയ്യുന്നതാണ് പദ്ധതി. കഴിഞ്ഞ ഒരു മാസം ശേഖരിച്ച അരികുട്ടികൾ സ്കൂളിൽ എത്തിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം രാഷ്‌ട്രീയ സ്വയം സേവക് സംഘം പ്രാന്ത പ്രചാരക് ആർ സുദർശൻ നിർവ്വഹിച്ചു.
അർഹരായവരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് അന്വേഷണം നടത്തിയത്തിന് ശേഷമാണ് അരി വിതരണം ചെയ്യുന്നത്. ആദ്യഘട്ടം ഇരുനൂറ് കുടുംബങ്ങൾക്കാണ് അരി വിതരണം ചെയ്യുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷം ആരംഭിച്ച ‘സീറോ ഫുഡ് വേസ്റ്റ് ‘എന്ന പദ്ധതിയിലൂടെ സ്കൂളിൽ കൊണ്ടുവരുന്ന ആഹാരം മുഴുവൻ കഴിക്കുവാനും ആഹാര വസ്തുക്കൾ ഒട്ടും പാഴാക്കാതിരിക്കാനും പരിശീലിച്ചു. കറിവേപ്പിലയും മുളകും അല്ലാതെ യാതൊന്നും വേസ്റ്റായി സ്കൂളിൽ കുട്ടികളും അദ്ധ്യാപകരും നിക്ഷേപിക്കാറില്ല. വീട്ടിലും ഇവർ ഇത് പ്രാവർത്തികമാക്കി.
ആഹാരം നമുക്ക് ആവശ്യമുള്ളത് കഴിക്കുക ബാക്കി മറ്റുള്ളവർക്കും അവകാശപ്പെട്ടതാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് അന്നപൂർണ്ണ പദ്ധതിയിലൂടെ ആഹാരത്തിന്റെ പങ്ക് മിച്ചം വെച്ച് മറ്റുള്ളവരുടെ വിശപ്പകറ്റാനായി സ്കൂളിൽ എത്തിക്കുകയാണ് കുട്ടികൾ മാതാപിതാക്കളും പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. പഠനത്തോടൊപ്പം ജീവിത മൂല്യങ്ങളും നന്മകളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതരും അദ്ധ്യാപകരും ചേർന്ന് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഒറ്റയ്‌ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ കൂട്ടായ്മയിലൂടെ നിഷ്പ്രയാസം സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് വിദ്യാധിരാജ വിദ്യാപീഠത്തിലെ കുട്ടികൾ.















