പിറന്ന മണ്ണിനായി സ്വജീവിതം ത്യജിച്ച വീരപുത്രൻ.. ഓർമ്മ വച്ചനാൾ മുതൽ ഭാരതം എന്ന വികാരം മനസിൽ കൊണ്ടുനടന്നവൻ.. ക്യാപ്റ്റൻ ജെറി പ്രേംരാജ്.. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പോരാടാൻ തന്റെ മകൻ ജെറി പ്രേംരാജും ഉണ്ടായിരുന്നുവെന്ന് ചെല്ലത്തായി എന്ന ഈ അമ്മ പറയുമ്പോൾ വേദനയേക്കാൾ ഉപരി രാജ്യസ്നേഹമാണ് ആ വാക്കുകളിൽ ഉടനീളം പ്രസരിക്കുന്നത്..
ഭാരതത്തിനായി പൊരുതി വീരമൃത്യുവരിച്ച മകന്റെ ഒരിക്കലും മറക്കാത്ത ഓർമ്മകളിൽ കഴിയുകയാണ് വെങ്ങാനൂർ സ്വദേശിനി ചെല്ലത്തായി. മകന്റെ വേർപാടിൽ വേദനയുണ്ടെങ്കിലും വീരപുത്രനെ ഓർത്ത് അഭിമാനമാണ് ഈ അമ്മയ്‌ക്ക്. കാർഗിൽ യുദ്ധത്തിൽ ജീവൻ ത്യജിച്ച മകന്റെ ഓർമ്മകളിൽ തിരുവനന്തപുരത്തെ വെങ്ങാനൂർ എന്ന ഗ്രാമത്തിൽ ജീവിക്കുകയാണ് ഈ അമ്മ.
വിവാഹത്തിന്റെ 40-ാം നാൾ കർമ്മഭൂമിയിലേക്ക് മടങ്ങിയ മകന്റെ ഓർമ്മകളാണ് ചെല്ലത്തായിക്ക് ഇപ്പോൾ കൂട്ട്. 17 വർഷം മാത്രമാണ് മകന്റെ സ്നേഹവായ്പ് ഈ അമ്മ അനുഭവിച്ചറിഞ്ഞത്. ഇന്ത്യൻ ആർമിയിൽ ജോലി ലഭിച്ചെന്ന കത്തുമായി തനിക്കരികിലേക്ക് ഓടിയെത്തുന്ന 17-കാരന്റ മുഖം ഇന്നും ഈ അമ്മയുടെ ഓർമ്മകളിൽ ജ്വലിച്ച് നിൽക്കുന്നു.
അവസാനശ്വാസം വരെ പോരാടി വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന് രാജ്യം “വീർചക്ര” ബഹുമതി നൽകി ആദരിച്ചു. ആ വീരചക്രം നെഞ്ചോട് ചേർത്താണ് ചെല്ലത്തായി ജീവിക്കുന്നത്. തന്റെ മകൻ പലർക്കും പ്രചോദനമാകുന്നത് അഭിമാനത്തോടെ കാണുകയാണ് ഈ അമ്മ..